തിരുവനന്തപുരം: തലസ്ഥാനത്തെ സിറ്റി ഗ്യാസ് പദ്ധതി സെപ്റ്റംബറില്‍ തുടങ്ങും. വെട്ടുകാട്, ശംഖുംമുഖം, കൊച്ചുവേളി എന്നിവിടങ്ങളിലെ 2,500 വീടുകളില്‍ ആദ്യഘട്ടത്തില്‍ പൈപ്പിലൂടെ പ്രകൃതി വാതകം എത്തിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. എല്‍പിജിയേക്കാള്‍ 35 ശതമാനം വിലക്കുവിലാണ് പാചകവാതകം പൈപ്പുകളിലൂടെ വീടുകളില്‍ എത്തുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറ്റ്‌ലാന്റിക്, ഗള്‍ഫ് ആന്‍ഡ് പസഫിക് ലിമിറ്റഡ് കമ്പനിക്കാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ ചുമതല. വീടുകളിലേക്കുള്ള പ്ലംബിംഗ് ജോലികള്‍ അന്തിമഘട്ടത്തില്‍. കളമശ്ശേരി ഗെയിലില്‍ നിന്ന് വാഹനം വഴി ദ്രവീകൃത വാതകം കൊച്ചുവേളിയിലെ പ്ലാന്റിലെത്തിച്ച് അവിടെ നിന്ന് പൈപ്പ് ലൈന്‍ വഴി വീടുകളിലേക്ക്. വൈദ്യുതി മാതൃകയില്‍ മീറ്റര്‍ വച്ച് ഉപയോഗിക്കുന്നതിനനുസരിച്ച് ബില്‍ നല്‍കാനുള്ള സൗകര്യം. ഇതോടെ ഗ്യാസ് സിലിണ്ടറുകള്‍ അപ്രത്യക്ഷമാകും
വീടുകള്‍ക്കുപുറമേ വാണിജ്യ കണക്ഷനുകളും സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി നല്‍കും. 3200 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മ്മാണച്ചെലവ്. കെഎസ്ആര്‍ടിസിയുടെ സിഎന്‍ജി ബസ്സുകള്‍ക്കും സിറ്റി ഗ്യാസ് പദ്ധതി വഴി വാതകം ലഭ്യമാക്കും.



