വിവാദ,വിമര്‍ശ കല്ലേറുകളിലാണ് ലോക കേരളസഭ മൂന്നാം സമ്മേളനത്തിന് കൂടുതല്‍ പ്രചാരണം ലഭിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മുതല്‍ പ്രതിപക്ഷ നേതാവ് വരെ പുറത്ത് നിന്ന് അക്രമിച്ചു. സഭയുടെ ഒന്നാം സമ്മേളനത്തില്‍ 20 രാജ്യങ്ങളില്‍ നിന്നായിരുന്നു പ്രതിനിധികള്‍.രണ്ടാം സമ്മേളനത്തില്‍ 40 രാജ്യങ്ങളില്‍ നിന്ന്.മൂന്നാം സഭയില്‍ 62 രാജ്യങ്ങളില്‍ നിന്നും 21 ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി 296 പ്രതിനിധികള്‍ എത്തിച്ചേര്‍ന്ന അവസ്ഥയിലേക്ക് അഞ്ചു വര്‍ഷം മാത്രം പ്രായമായ സഭ ഉയര്‍ന്നു.13 മണിക്കൂറായിരുന്നു സഭ നടപടികള്‍ക്ക് എടുത്ത മൊത്തം സമയം.ഇതില്‍ ഒമ്പതര മണിക്കൂറം ചെലവഴിച്ചത് ചര്‍ച്ചകള്‍ക്കായിരുന്നു.237 പേര്‍ മേഖല ചര്‍ച്ചകളിലും 234 പേര്‍ വിഷയാധിഷ്ടിത ചര്‍ച്ചകളിലും 115പേര്‍ പൊതുചര്‍ച്ചകളിലും പങ്കെടുത്തു..316 നിര്‍ദ്ദേശങ്ങള്‍ സഭക്ക് മുമ്പാകെ വന്നു.11 വിഷയങ്ങളില്‍ പ്രബന്ധാവതരണങ്ങള്‍ നടന്നു.മുഖ്യമന്ത്രി അവതരിപ്പിച്ച സമീപന രേഖയും.മന്ത്രിമാര്‍ സഭയില്‍ കേള്‍വിക്കാരായി.ചീഫ് സെക്രട്ടറി പ്രധാനമന്ത്രി വിളിച്ച യോഗത്തിലേക്ക് പകരക്കാരനെ അയച്ച് സഭാ നടപടികളില്‍ ഉടനീളം സാന്നിധ്യം നല്‍കി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഒരുക്കാന്‍ 3000 കോടി സമാഹരിച്ചു നല്‍കാം എന്ന് പറഞ്ഞതും കെ.എം.ഷാജി കാര്യങ്ങള്‍ മനസ്സിലാക്കാതെ ഡോ.എം.എ.യൂസഫലിക്ക് എതിരെ പ്രതികരിച്ചതില്‍ സഭയില്‍ ഖേദപ്രകടനം നടത്തിയതും മുസ് ലിം ലീഗ് സാംസ്‌കാരിക സംഘടനയായ കെ.എം.സി.സി പ്രതിനിധികള്‍.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെ സൂചിപ്പിച്ച് പരിഹസിച്ച ആഫ്രിക്കന്‍ ഭൂഖണ്ഡ പ്രതിനിധിയുടെ പരാമര്‍ശം സ്പീക്കര്‍ സഭാരേഖയില്‍ നിന്ന് നീക്കം ചെയ്യാന്‍ തല്‍ക്ഷണം റൂളിംഗാണ് നല്‍കിയത്.സഭയില്‍ എന്ത് നടന്നു എന്ന് ചോദിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ നടപടികള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണം എന്ന് പറഞ്ഞത് കോണ്‍ഗ്രസ് ഘടകമായ ഒ.ഐ.സി.സി പ്രതിനിധി.ലോകോത്തര വ്യവസായികള്‍ ആശയങ്ങള്‍ കൈമാറിയ വേദിയില്‍ കയറി തന്റെ 31 വര്‍ഷത്തെ പ്രവാസ ദുരിതജീവിതം പറഞ്ഞ വീട്ടുവേലക്കാരി എലിസബത്തിലൂടെ ലോക കേരളസഭയില്‍ മുഴങ്ങിയത് ശബ്ദമില്ലാത്തവരുടെ ശബ്ദം.
ലോക മലയാളി സമൂഹത്തിന്റെ ഒരുമയുടെ അകക്കാഴ്ചകളിലൂടെ തത്സമയം പ്രത്യേക ലേഖകന്‍ സൂപ്പി വാണിമേല്‍ നടത്തുന്ന സഞ്ചാരം നാളെ മുതല്‍-‘പുറത്ത് കല്ലേറ്; അകത്ത് പൂച്ചെണ്ട്’



