ആലപ്പുഴ: പുന്നപ്രയിലെ നന്ദുവിന്റെ മരണത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് വ്യ വ്ക്തമാക്കി. നന്ദുവിന്റെ മരണത്തെ ചൊല്ലി വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയപ്പോള്‍ ട്രെയിന്‍ തട്ടി മരിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നന്ദുവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നന്ദുവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിധിന്‍ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, മുന്ന, ഫൈസല്‍, സജീവന്‍, റോബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പ്രതികളില്‍ മുന്ന, ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് നന്ദുവിനെ മര്‍ദിച്ചെന്നാണ് പൊലീസിന്റെ എഫ്ഐആറിലുള്ളത്. വീട്ടില്‍ മാരകായുധങ്ങളുമായി എത്തി ഭീഷണിപ്പെടുത്തിയെന്നാണ് നിധിന്‍ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവന്‍, റോബിന്‍ എന്നിവര്‍ക്കെതിരെയുള്ള കേസ്. നന്ദുവിന്റെ സഹോദരിയുടെ പരാതിയിലാണ് നടപടി. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ഓടിക്കുന്നതിനിടെ നന്ദു ട്രെയിന്‍ തട്ടി മരിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മാനസിക വിഷമത്തെ തുടര്‍ന്ന് നന്ദു ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതേ സമയം, നന്ദു ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണങ്ങള്‍ ഡിവൈഎഫ്ഐ നേത്യത്വം തള്ളി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിയ നന്ദു, ട്രെയിന് മുന്നില്‍ പെട്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഇത് കള്ളക്കഥയാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ നന്ദുവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ച് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ സജീവന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. നന്ദു ഇതിന് മുന്‍പ് രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തിയാണെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേലും സെക്രട്ടറി ആര്‍.രാഹുലും പ്രസ്താവനയില്‍ അറിയിച്ചു.



