കൊച്ചി: പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിന്റെയും പിന്‍ബലത്തില്‍ ജാമ്യം അനുവദിക്കാനും കോടതി അനുമതി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി. വിജയ് ബാബുവിനെ ഇനി വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകും.
തിങ്കളാഴ്ച രാവിലെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ വിജയ് ബാബു ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. ഇന്നു മുതല്‍ അടുത്ത മാസം മൂന്നാം തീയതി വരെ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെ വിജയ് ബാബുവിനെ കസ്റ്റഡിയില്‍ വച്ചു ചോദ്യം ചെയ്യാനാണ് കോടതി അനുമതിയുള്ളത്. അതുകൊണ്ടു തന്നെ ഈ ദിവസങ്ങളിലെല്ലാം വിജയ് ബാബു പൊലീസ് കസ്റ്റഡിയിലുണ്ടാകും. വിജയ് ബാബുവുമായി പരാതിയില്‍ പറയുന്ന ഹോട്ടല്‍മുറി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പു നടത്തുന്നതിനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 22നാണ് സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു ലൈംഗികമായി വിജയ് ബാബു പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. പരാതി വിവരം അറിഞ്ഞതിനു പിന്നാലെ രാജ്യം വിട്ട വിജയ് ബാബുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്പോര്‍ട് റദ്ദാക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഇടപെടലിലാണ് വിജയ് ബാബു നാട്ടിലെത്തി മുന്‍കൂര്‍ ജാമ്യം നേടിയത്.
ദിവസങ്ങള്‍ നീണ്ട വാദങ്ങള്‍ക്കു ശേഷം കഴിഞ്ഞയാഴ്ച പ്രതിക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തെ ലൈംഗികപീഡനമാക്കി മാറ്റുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശത്തോടെയാണ് ഹൈക്കോടതി വിജയ് ബാബുവിനു ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേ സമയം ഇരയ്ക്കൊപ്പമാണെന്നും അവരെയാണ് വിശ്വാസമെന്നും പ്രഖ്യാപിച്ച് സിനിമയിലെ വനിതകളുടെ സംഘടന ഉള്‍പ്പടെയുള്ളവര്‍ രംഗത്തു വന്നിരുന്നു. യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതി നല്‍കിയ ഇരയുടെ പേരു വെളിപ്പെടുത്തി എന്നുമുള്ള രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



