ഗൂഢാലോചനാ കേസില്‍ ചോദ്യം ചെയ്തതിനൊടുവില്‍ പീഡന പരാതിയില്‍ അറസ്റ്റ്
നിരപരാധിത്വം തെളിയിക്കുമെന്ന് ജോര്‍ജ്
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ജനപക്ഷം നേതാവും മുന്‍ എം.എല്‍.എയുമായ പി സി ജോര്‍ജ് അറസ്റ്റില്‍. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
സോളാര്‍ കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഫെബ്രുവരി 10 ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താല്‍പര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും സോളാര്‍ കേസ് പ്രതി രഹസ്യ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് അറസ്റ്റ്. ഐപിസി 354 എ പ്രകാരം ലൈംഗിക സ്വഭാവമുള്ള സ്പര്‍ശനമോ പ്രവര്‍ത്തിയോ ചെയ്യല്‍, ഐപിസി 354 പ്രകാരം സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന ബലപ്രയോഗം എന്നിവയാണ് പി സി ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ പി സി ജോര്‍ജിനെ ചോദ്യം ചെയ്യുന്നതിനിടെയിലാണ് പീഡന പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തത്. ഗൂഢാലോചനാ കേസില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പുറത്തേക്കിറങ്ങിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, പരാതിക്കാരിയെ പീഡിപ്പിച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്.
ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നു പി.സി ജോര്‍ജിന്റെ അഭിഭാഷകന്‍ അറിയിച്ചു.
പിന്നില്‍ പിണറായി
ഭയമില്ലെന്ന് പി.സി ജോര്‍ജ്ജ്
താന്‍ ഒരു സത്രീയേയും പീഡിപ്പിച്ചിട്ടില്ല. അവരെ പീഡിപ്പിച്ചവരെല്ലാം റോഡിലൂടെ വിലസി നടക്കുകയാണ്. തനിക്കെതിരെ പരാതി ഉന്നയിച്ചത് വിശ്വാസ്യതയില്ലാത്ത സ്ത്രീയാണെന്ന് ഹൈക്കോടതി തന്നെ മുമ്പ് പറഞ്ഞയാളാണ്. എനിക്ക് ഭയമില്ല. താന്‍ ഒരു മോശം പണിക്കും പോയിട്ടില്ല. ഈ കാണിക്കുന്നത് വൃത്തികേടാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പണം വാങ്ങിയാണ് ആ സ്ത്രീ ഇത്തരത്തില്‍ മൊഴികൊടുത്തത്. ഇതിന് പിണറായി വിജയനോട് പ്രതികാരം ചെയ്യും.



