സ്വന്തം ലേഖകൻ
നാദാപുരം: നാദാപുരത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക വിദ്യാഭ്യാസ നവോഥാന പ്രവർത്തനങ്ങളിൽ എക്കാലത്തെയും നിറ സാന്നിധ്യമായിരുന്ന പി. ശാദുലിയുടെ ഓർമകൾ പങ്കിടുന്നതിന് കല്ലാച്ചി ശിഹാബ് തങ്ങൾ സൗധത്തിൽ ചന്ദ്രിക റീഡേഴ്‌സ് ക്ളബ്ബ് സംഘടിപ്പിച്ച സ്മൃതി സായാഹ്നം ഹൃദ്യവും സൗഹൃദസമ്പന്നവുമായി. മുതിർന്ന മാധ്യമ പ്രവർത്തകൻ ടി. പി ചെറൂപ്പ സ്മൃതി സായാഹ്നം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ശാദുലി അന്തരിച്ചത്.
സ്വന്തം വിശ്വാസ പ്രമാണങ്ങൾ മുറുകെപ്പിടിച്ചു കൊണ്ടു തന്നെ ഒരു ബഹുസ്വര സമൂഹത്തിൽ വിശ്വാസികൾ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് പാർട്ടിക്കകത്തും പുറത്തും നിരന്തരമായി ഉദ് ബോധനം നടത്തിക്കൊണ്ടിരുന്ന മാതൃകാ രാഷ്ട്രീയക്കാരനായിരുന്നു ശാദുലി എന്ന് അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കിട്ടവർ അഭിപ്രായപ്പെട്ടു. നിലപാടുകൾ കൃത്യമായി വെളിപ്പെടുത്തിക്കൊണ്ടു തന്നെ നാട്ടിൽ സമാധാനമുണ്ടാക്കുന്നതിനു വിട്ടു വീഴ്ചയുടെ ഏതറ്റം വരെയും പോവാൻ തയാറുള്ള ലീഗ് നേതാവായിരുന്നു ശാദുലി എന്ന്, സംഘർഷ ഭരിതമായ നാദാപുരത്തിന്റെ പഴയ കാലങ്ങൾ ഓർമിപ്പിച്ച് ദേശാഭിമാനി ലേഖകൻ കെ. കെ ശ്രീജിത്ത് പറഞ്ഞു. എഴുത്തിനും പ്രസംഗത്തിനുമൊപ്പം പത്ര പ്രവർത്തകരുമായുള്ള സൗഹൃദം നില നിർത്താൻ എപ്പോഴും അദ്ദേഹം ശ്രമിച്ചതിന്റെ ഉദാഹരങ്ങൾ മാതൃഭൂമി ലേഖകൻ ഇസ് മാഈൽ വാണിമേൽ ഓർത്തു. ചന്ദ്രിക റീഡേഴ്സ് ക്ലബ് ചെയർമാൻ എം. കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, സംസ്ഥാന കമ്മിറ്റി അംഗം സി വി എം വാണിമേൽ, ഹമീദ് വലിയാണ്ടി, കെ. കെ നവാസ്, അഹമ്മദ് കുറുവയിൽ, ഇ. ഹാരിസ്, സി. കെ ജമീല, ഹാരിസ് കയ്യാല, കെ.വി അർഷാദ്, വി. വി. കെ ജാതിയേരി, ഇ.കെ കരണ്ടോട്, റംല കുട്ട്യാപ്പാണ്ടി, മസ്ബൂബ അസീദ്, അർശിന നരിപ്പറ്റ, അയിഷാ ഗഫൂർ, ചാരുമ്മൽ ഇബ്രാഹിം, നിസാർ എടത്തിൽ, ഇ. വി അറഫാത്ത് പ്രസംഗിച്ചു. ട്രഷറർ യു.കെ റാഷിദ് സ്വാഗതവും കോ- ഓർഡിനേറ്റർ ടി. കെ അബ്ബാസ് നന്ദിയും പറഞ്ഞു.



