കോഴിക്കോട്: കവികള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും നേരെ സി.പി.എം അഴിച്ചുവിടുന്ന സൈബര്‍ ആക്രമണത്തിന് പാര്‍ട്ടിയുടെ പിന്തുണയില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുമ്പോഴും പല കേന്ദ്രങ്ങളിലും സൈബര്‍ പോരാട്ടം തുടരുന്നു. പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് സൈബര്‍ പോരാളികളെ തള്ളിപ്പറയാന്‍ കോടിയേരി തയാറായത്. എന്നാല്‍ പാര്‍ട്ടി അണികളെ ശക്തമായി വിലക്കാന്‍ ഇതുവരെ നേതൃത്വം സന്നദ്ധമായിട്ടില്ല. ഡി.വൈ.എഫ്.ഐ നേതാക്കള്‍ മുതല്‍ പാര്‍ട്ടി പത്രത്തിലെ ജീവനക്കാര്‍ വരെ എം.എന്‍ കാരശ്ശേരിക്കും മറ്റുമെതിരെ രംഗത്ത് തുടരുകയാണ്.
സി.പി.എം സഹയാത്രികനായ കഥാകൃത്തും പുരോഗമന കലാസാഹിത്യ സംഘം നേതാവുമായ അശോകന്‍ ചരുവില്‍ ഉള്‍പ്പെടെയുള്ളവരാണ് സൈബര്‍ ആക്രമണത്തിന് കരുത്തേകുന്നത്. കെ. റെയില്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന അശോകന്‍ ചരുവില്‍ അതും എതിര്‍ചേരിയെ കുറ്റപ്പെടുത്താനുള്ള ആയുധമാക്കുകയാണ്. ജനാധിപത്യത്തെയും സോഷ്യലിസത്തെയും പറ്റി ഏറെ സംസാരിക്കുന്ന സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമാണ് സൈബര്‍ ഇടങ്ങളില്‍ ജനാധിപത്യ മര്യാദ തീര്‍ത്തും ലംഘിച്ചുകൊണ്ട് അഴിഞ്ഞാടുന്നത്. എഴുത്തുകാരനും സാമൂഹിക വിമര്‍ശകനും പുരോഗമന ആശയക്കാരനുമായ എം.എന്‍ കാരശ്ശേരി ഇടതുപക്ഷത്തിന്റെ മൂല്യങ്ങളെ വിലമതിക്കുന്ന ആളാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ ബലഹീനതകള്‍ ചൂണ്ടികാണിക്കാനും മടിക്കാറില്ല. എന്നാല്‍ കെ. റെയിലിന്റെ വിഷയം വന്നപ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കിയ കാരശ്ശേരി രായ്ക്കുരാമാനം പാര്‍ട്ടിക്ക് അനഭിമതനായി. കവി റഫീക്ക് അഹമ്മദിന്റെ കാര്യത്തിലും അതാണ് ,സംഭവിച്ചത്. ഇത്രമാത്രം അസഹിഷ്ണുത സി.പി.എം വെച്ചുപുലര്‍ത്തുന്നതാണ് പൊതുസമൂഹത്തെ ആശ്ചര്യപ്പെടുത്തുന്നത്.
സാംസ്‌കാരിക പ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഹീനമായ നിലയിലേക്ക് പാര്‍ട്ടി അധപ്പതിച്ചു എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഈ തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് സൈബര്‍ ആക്രമണം നടത്തുന്നത് പാര്‍ട്ടിക്കാരല്ല എന്ന് പറയാന്‍ കോടിയേരി നിര്‍ബന്ധിതനായത്. അതേസമയം, സൈബര്‍ ഇടങ്ങളില്‍ നിന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരോട് പിന്തിരിയാന്‍ ഇതുവരെ പാര്‍ട്ടി നിര്‍ദേശിച്ചിട്ടുമില്ല എന്നാണറിയുന്നത്. സൈബര്‍ ഇടങ്ങളില്‍ ഇടപെടേണ്ടത് ആശയപ്രചാരണത്തിന് ആവണമെന്നും ഏതെങ്കിലും തരത്തിലുള്ള വ്യക്തിവിദ്വേഷത്തിനോ ഭര്‍ത്സനത്തിനോ ആവരുതെന്നും കോടിയേരി പറയുന്നു. ഇതെല്ലാം മുഖം മിനുക്കാന്‍ വേണ്ടി മാത്രമാണെന്നാണ് സൂചന. പാര്‍ട്ടിയുടെ കടുത്ത നിയന്ത്രണം ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന് ഇടതു സാംസ്‌കാരിക പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നുണ്ട്. റഫീക്ക് അഹമ്മദിന് നേരെ നടന്ന സൈബര്‍ ആക്രമണം തെറ്റാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പ്രതികരിക്കുകയുണ്ടായി.
സൈബര്‍ ആക്രമണം മനുഷ്യത്വമില്ലായ്മയാണെന്ന് കഥാകൃത്ത് വി.ആര്‍ സുധീഷ് പ്രതികരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എം സൈബര്‍ പോരാളികള്‍ കെ. റെയില്‍ പദ്ധതിയെ ന്യായീകരിക്കാനും എതിര്‍ക്കുന്നവരെ വ്യക്തിഹത്യ ചെയ്യാനും സന്നദ്ധരായി നിലയുറപ്പിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളെ തങ്ങള്‍ക്ക് ആവുംവിധം ഉപയോഗപ്പെടുത്താനാണ് സി.പി.എം നീക്കം.



