തിരുവനന്തപുരം:ഐ സി യുവിലായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ പൂര്‍ണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയില്‍ എത്തിച്ചുവെങ്കിലും ചിലര്‍ ചേര്‍ന്ന് വീണ്ടും ഐ.സി.യുവിലാക്കാന്‍ ശ്രമിക്കുകയാണെന്ന് കെ.മുരളീധരന്‍.കോണ്‍ഗ്രസ് പുന:സംഘടനയില്‍ സ്ഥാനമാനങ്ങള്‍ വീതം വെക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
‘കഴിഞ്ഞ നിയമസഭാ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍ ഐ.സി.യുവില്‍ ആയ പ്രസ്ഥാനത്തെ പൂര്‍ണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയില്‍ നമ്മള്‍ തിരികെ കൊണ്ടുവന്നിരുന്നു.
ഐക്യതയോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്. എന്നാല്‍ സ്ഥാനമാനങ്ങള്‍ വീതം വെച്ച് അതിനെ ഐ.സി.യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ ചില ഭാഗത്തുനിന്നും കാണുന്നതില്‍ അതിയായ ദുഃഖമുണ്ട്,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
25 ശതമാനം പുതിയ ആളുകളെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നത്.28 പുതുമുഖങ്ങളെ ഉള്‍പെടുത്താന്‍ ആണ് ധാരണയായത്. 280 അംഗപട്ടികയില്‍ 46 പേരെ മാറ്റിക്കൊണ്ടുള്ള പട്ടിക നേരത്തെ സമര്‍പ്പിച്ചെങ്കിലും യുവ, വനിത പ്രാതിനിധ്യം കൂട്ടാന്‍ ആവശ്യപ്പെട്ട് പട്ടിക തിരിച്ചയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മാറ്റം വരുത്തിയത്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ യോഗം ചേര്‍ന്നാണ് പട്ടിക സംബന്ധിച്ച് ധാരണയിലെത്തിയത്.



