തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുംആ മസ്ജിദ് സെക്രട്ടറിക്ക് നല്‍കിയ നോട്ടിസുമായി ബന്ധപ്പെട്ട് എസ് എച്ച് ഒ യെ ചുമതലയില്‍ നിന്ന് നീക്കി ഡി.ജി.പി. നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. മയ്യില്‍ എസ് എച്ച് ഒ സര്‍ക്കാര്‍ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നല്‍കിയത്. രാജ്യത്ത് വലിയതോതില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്.
ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയില്‍ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാര്‍ദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തില്‍ സഹകരിണമെന്നഭ്യര്‍ത്ഥിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
പള്ളികളില്‍ നോട്ടീസ് നല്‍കിയ പോലിസിന്റെ നടപടിക്കെതിരേ രാവിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതേസമയം, പോലിസ് നടപടിക്കെതിരേ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം രംഗത്തെത്തി.
മുസ്ലിം ആരാധനാലയങ്ങള്‍ക്ക് മാത്രമായി കേരള പോലിസിന്റെ ഇങ്ങനെയൊരു ഇണ്ടാസ് എന്തിനാണെന്നും ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയില്‍ കേരളത്തിലെ അമ്പലകമ്മിറ്റികള്‍ക്ക് നോട്ടിസ് നല്‍കാന്‍ പിണറായി വിജയന്റെ പോലിസ് തയ്യാറാകുമോയെന്നും വി ടി ബല്‍റാം ചോദിച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തില്‍ അടുത്ത കാലത്ത് മുസ്ലിം പള്ളികളില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രഭാഷണങ്ങള്‍ നടന്നതായി റിപോര്‍ട്ട് ചെയ്തിട്ടില്ല. പിന്നെന്തിനാണ് കേരളാ പോലിസിന്റെ ഇത്തരത്തിലുള്ള നോട്ടിസ് എന്ന് വി ടി ബല്‍റാം ചോദിച്ചു.നാര്‍ക്കോട്ടിക് ജിഹാദ് അടക്കമുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നടന്നത് ആരാധനാലയങ്ങളിലാണ്. ആരോപണം ഉന്നയിച്ച ബിഷപ്പിനെ കണ്ട് സമാശ്വസിപ്പിക്കകുയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായ മന്ത്രിയെന്നും വി ടി ബല്‍റാം ആരോപിച്ചു.



