ജന്മനാ കൈകളില്ലെങ്കിലും കണ്‍മണിയ്ക്ക് പരിഭവിക്കാനോ പരിമിതികളില്‍ സങ്കടപ്പെടാനോ നേരമില്ല.എപ്പോഴും ചിരിച്ചുകൊണ്ടേയിരുന്ന് തന്റെ പരിമിതികളെ അതിജീവിച്ച്് അവള്‍ ഇപ്പോള്‍ കേരള സര്‍വകലാശാല ബിപിഎ(വോക്കല്‍)പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയിരിക്കുകയാണ്.തിരുവനന്തപുരം സ്വാതിതിരുന്നാള്‍ ഗവ.സംഗീതകോളജിലെ വിദ്യാര്‍ത്ഥിനിയായ കണ്മണിയ്ക്ക്് സംഗീതത്തില്‍ ബിരുദാനന്തരബിരുദം നേടാനാണ് ആഗ്രഹം.
മാവേലിക്കര അറുനൂറ്റിമംഗലം അഷ്ടപദിയില്‍ ജി.ശശികുമാറിന്റേയും രേഖയുടേയും മകളായ കണ്മണിയ്ക്ക ജന്മനാ കൈകളില്ലെങ്കിലും ലക്ഷ്യങ്ങളിലേക്കെത്താന്‍ പരിമിതികള്‍ ഒരിയ്ക്കലും തടസ്സമായിരുന്നില്ല.സ്‌കൂള്‍ പഠനകാലത്തുതന്നെ കലോത്സവവേദികളിലെ സജീവസാന്നിധ്യമായിരുന്നു ഈ മിടുക്കി.കാലുകൊണ്ട് ചിത്രം വരച്ച് സമ്മാനങ്ങള്‍ വാരിക്കൂട്ടിയ കണ്‍മണി നിരവധി സംഗീതക്കച്ചേരികളും അവതരിപ്പിക്കുന്നുണ്ട്.2019ല്‍ സര്‍ഗ്ഗാത്മകമികവിനുള്ള സാമൂഹികനീതി മന്ത്രാലയത്തിന്റെ പുരസ്‌കാരം കണ്‍മണിയെ തേടി എത്തിയിരുന്നു.കൈകള്‍ ഇല്ലാതെയും പരിമിതികളുള്ള കാലുകളുമായും ജനിച്ച തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രചോദനമാകണമെന്ന ലക്ഷ്യത്തോടെ ഓരോ പ്രവര്‍ത്തികളുടേയും വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്ന കണ്മണിയുടെ വിജയത്തിനു കൂട്ടായി മാതാപിതാക്കളും സഹോദരന്‍ മണികണ്ഠനും എന്നും കൂടെയുണ്ട്.



