കാസര്‍കോട്: ഭൂമിയുടെ അവകാശിയായതിന്റെ രേഖ ഉയര്‍ത്തിക്കാട്ടി വിദ്യാനഗറിലെ അബ്ദുറഹ്മാന്‍ വ്യാഴാഴ്ച കളക്ടറേറ്റിലെ പട്ടയമേള പരിസരത്ത് ഭാര്യയോടൊപ്പം പറഞ്ഞു,’മുപ്പത് വര്‍ഷത്തെ കാത്തിരിപ്പായിരുന്നു.ഈ സര്‍ക്കാര്‍ പട്ടയം തന്നു.എനിക്കും ഭാര്യക്കും കുടുംബത്തിനും വലിയ സന്തോഷം.എല്ലാവര്‍ക്കും കിട്ടട്ടെ,പട്ടയം’.
മരിക്കുംവരെ സ്വന്തം ഭൂമിയില്‍ കിടക്കാന്‍ കഴിയുന്നതിലെ സന്തോഷമാണ് ഏറെക്കാലം കാത്തിരുന്ന് പട്ടയം കിട്ടിയ എടക്കടവിലെ അയിത്ത പ്രകടിപ്പിച്ചത്.
പട്ടയത്തിന് അപേക്ഷ നല്‍കി പതിനെട്ട് വര്‍ഷം കാത്തിരുന്ന് കിട്ടുന്നെങ്കില്‍ കിട്ടട്ടെ മാനസികാവസ്ഥയിലായിരുന്നു താന്‍ എന്ന് രേഖ കൈപ്പറ്റിയ ടി.പി.മോഹനന്‍ പറഞ്ഞു.ചെത്തുതൊഴിലാളിയായിരുന്നു.ആറുവര്‍ഷം മുമ്പ് തെങ്ങില്‍ നിന്ന് വീണ് കാലൊടിഞ്ഞ് വികലാംഗനായി. ആ പണി നിറുത്തി തട്ടുകട നടത്തുന്നു.ഇപ്പോള്‍ എല്ലാ പ്രയാസങ്ങളും മറക്കുന്നു.സ്വന്തം ഭൂമിയായല്ലോ’-ഭാര്യയുടെ സഹായത്തോടെ മേളക്കെത്തിയ അയാള്‍ പറഞ്ഞു.
എല്ലാവര്‍ക്കും ഭൂമി എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം എന്ന് ജില്ലയിലെ വിവിധ താലൂക്ക് മേളകള്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു.
കളക്ടറേറ്റില്‍ കാസര്‍കോട്, മഞ്ചേശ്വരം താലൂക്ക് മേളയില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.സ്വന്തം മണ്ണില്‍ ജീവിതവും മരണവും ഏതൊരാളുടെയും സ്വപ്നമാണെന്ന് അദ്ദേഹം പറഞ്ഞു.മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം.അഷ്‌റഫ് പ്രസംഗിച്ചു.



