കോഴിക്കോട്: ഒരേ ഒരു ഭൂമി എന്ന സന്ദേശവുമായി ലോക പരിസ്ഥിതിദിനം ആചരിച്ചു. പരിസര ശുചീകരണവും സെമിനാറുകളും ചര്ച്ചകളും വൃക്ഷത്തൈ നടലും നാടുനീളെ നടന്നു. വിദ്യാലയങ്ങളില്‍ പരിസ്ഥിതിദിനാചരണം ഇന്ന് നടക്കുകയാണ്. ഹരിത കേരള മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗുരുവായൂരപ്പന്‍ കോളജില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
പ്രകൃതി സംരക്ഷണം ദിനചര്യയുടെ ഭാഗമാകണമെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികള്‍ നേരിട്ടറിഞ്ഞ മലയാളികള്‍ സാമൂഹിക പ്രതിബദ്ധതയോടെ പ്രകൃതിയെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.
മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പ്രഫ. ടി. ശോഭീന്ദ്രന്‍, കൗണ്‍സിലര്‍ ഈസ അഹമ്മദ്, കോര്‍പറേഷന്‍ സെക്രട്ടറി കെ.യു ബിനി, ജെ.പി.സി മുഹമ്മദ് ജാ, ഗുരുവായൂരപ്പന്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് പി. ഇന്ദുലേഖ, വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം. ജോഷില്‍, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയര്‍ കെ. ശ്യാമിലി, കെ.പി കാവ്യ, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രകാശ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ലിയോണ്‍ പ്രശാന്ത്, എന്നിവര്‍ പ്രസംഗിച്ചു. ഗുരുവായൂരപ്പന്‍ കോളജ് എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് ക്യാമ്പസില്‍ പച്ചത്തുരുത്ത് ഒരുക്കിയത്. പ്ലാവ്, മാവ്, സീതപ്പഴം, പേരക്ക, റംബൂട്ടാന്‍, മുള, ഇത്തി, കൂവളം കറുവപട്ട, മന്ദാരം എന്നിവയാണ് വെച്ചുപിടിപ്പിക്കുന്നത്.
നിര്‍ദിഷ്ട കെ.റെയില്‍പാതയില്‍ വൃക്ഷത്തൈ നട്ട് യൂത്ത് കോണ്‍ഗ്രസ് പരിസ്ഥിതി ദിനം ആചരിച്ചു. കുണ്ടുങ്ങലിലെ കെ. റെയില്‍ ഭൂമിയില്‍ പ്രഫ. ടി. ശോഭീന്ദ്രന്‍ വൃക്ഷതൈ നട്ടു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍. ഷഹിന്‍ അധ്യക്ഷനായി. കെ. റെയില്‍ വിരുദ്ധസമിതി കാട്ടിലപീടിക സത്യഗ്രഹ പന്തലിന് സമീപം വൃക്ഷതൈ നട്ടു. സമിതി ചെയര്‍മാന്‍ ടി.ടി ഇസ്മായില്‍, അംഗങ്ങളായ ഓമന, ശോഭന എന്നിവര്‍ സംബന്ധിച്ചു. കേരള പൊലീസ് അസോസിയേഷന്‍ സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വൃക്ഷതൈ നട്ടു. കമ്മീഷണര്‍ ഓഫീസ് പരിസരത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമന്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിപീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു. പ്രഫ.ടി ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിയസ്‌കോയുടെ ആഭിമുഖ്യത്തില്‍ വൃക്ഷതൈ നട്ടു. എന്‍.സി.പി യുവജനവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ദിനാചരണം എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബ് കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ചാലപ്പുറം രക്ഷാസമിതിയും വൈദ്യരത്‌നം ട്രീറ്റ്‌മെന്റ് സെന്ററും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി. കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ പി. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സിറ്റി റോട്ടറി ക്ലബ് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. എസ്.വൈ.എസ് പന്നിയങ്കര യൂണിറ്റ് വൃക്ഷത്തൈകള്‍ നട്ടു. പന്നിയങ്കര ഖത്തീബ് ഹുസൈന്‍ ഫൈസി ഏറിയാട് ഉദഘാടനം ചെയ്തു.



