മംഗളൂരു : നിര്‍ത്തിയിട്ട ബസില്‍ കയറി
കണ്ടക്ടറുടെ ബാഗിലെ പണം കവര്‍ന്നയാള്‍ സി.സി.ടി.വിയില്‍ കുടുങ്ങി. മംഗളൂരു നഗരത്തില്‍ സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിര്‍ത്തിയിട്ട ബസിലെ ദൃശ്യങ്ങളാണ് കാമറ ഒപ്പിയത്.
ഡ്രൈവറും കണ്ടക്ടറും ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. ബസില്‍ യാത്രക്കാരുണ്ടായിരുന്നില്ല. കണ്ടക്ടര്‍ തിരിച്ചെത്തി ബസിലെ പെട്ടിയില്‍നിന്ന് ബാഗെടുക്കാന്‍ നോക്കിയപ്പോഴാണ് മോഷണമറിഞ്ഞത്. തുടര്‍ന്ന് ബസിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു. വെള്ള മുണ്ടുടുത്ത ഒരാള്‍ ബസില്‍ കയറി ബാഗ് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ അതിലുണ്ടായിരുന്നു.
മംഗളൂറു-ഉപ്പിനങ്ങാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഈ ബസ്സിലെ ജീവനക്കാര്‍ തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് മോഷണവിവരം പുറത്തറിയുന്നത്. പോലീസില്‍ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല.



