കോഴിക്കോട്: വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയെ മൂന്നു പതിറ്റാണ്ടിലേറെ നയിച്ച ടി. നസിറുദ്ദീന് പകരക്കാരനെ കണ്ടെത്തുകയെന്നത് ്‌നേതൃത്വത്തിന് കനത്ത വെല്ലുവിളിയാകുമെന്ന് സൂചന. എട്ടുലക്ഷത്തോളം അംഗങ്ങളുള്ള സംഘടനയെ നയിക്കുക എന്നത് എളുപ്പമാവില്ലെന്ന് ഉറപ്പാണ്. വ്യാപാരികളുടെ മനസ്സറിഞ്ഞ നസിറുദ്ദീനെ സംബന്ധിച്ചിടത്തോളം ഇത് ഏറെ പ്രയാസകരമായ ദൗത്യം ആയിരുന്നില്ല. സംഘടനാപാടവവും നേതൃനൈപൂണ്യവും അദ്ദേഹത്തില്‍ യഥാവിധി സമ്മേളിച്ചിരുന്നു. രാഷ്ട്രീയ നേതൃത്വത്തെയും ഭരണക്കാരെയും നിലയ്ക്കുനിര്‍ത്താനും ആവശ്യമെങ്കില്‍ ഭീഷണിപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. പ്രാഥമിക വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള നസിറുദ്ദീന്‍ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥരോടും മുതിര്‍ന്ന ഓഫീസര്‍മാരോടും കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചിരുന്നു. കട പരിശോധന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വ്യാപാരികളുടെ ആവശ്യം നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നസിറുദ്ദീന്റെ പ്രവര്‍ത്തനരംഗം കോഴിക്കോട്ടായതുകൊണ്ടുതന്നെ സംഘടനയുടെ കേന്ദ്രം കോഴിക്കോട്ടായിരുന്നു. വ്യാപാരഭവന്‍ വില്‍പന ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും നസിറുദ്ദീന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവിധത്തില്‍ ഒരു നീക്കവും സംഘടനയില്‍ ഉണ്ടായിരുന്നില്ല. ചില്ലറ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം നേരിടുകയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമ്പോഴും ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നസിറുദ്ദീന്‍ തുടരുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു. അടുത്ത തെരഞ്ഞെടുപ്പ് ഏപ്രിലില്‍ ആണ് നടക്കുക. വൈസ് പ്രസിഡന്റ് ഷാഹുല്‍ ഹമീദിനാണ് ഇപ്പോള്‍ ചുമതല. ഏപ്രിലില്‍ തെരഞ്ഞെടുപ്പിന് മുമ്പ് താല്‍്ക്കാലികമായി ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഇടയുണ്ടെന്ന് ഷാഹുല്‍ ഹമീദ് പറഞ്ഞു.
സംസ്ഥാനതലത്തില്‍ സംഘടന എങ്ങോട്ടുനീങ്ങുമെന്ന് പറയാനാവില്ല. എറണാകുളം, തൃശൂര്‍ ഭാഗത്തുള്ളവര്‍ നേതൃസ്ഥാനത്തേക്ക് എത്താന്‍ ഇടയുണ്ട്. ജനറല്‍ സെക്രട്ടറി രാജു അപ്‌സര പ്രസിഡന്റ് സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന്‍, നിലവില്‍ സംസ്ഥാന ട്രഷറര്‍ ആയ ദേവസ്യ മേച്ചേരി എന്നിവരും സംഘടനക്കുള്ളില്‍ ശക്തരാണ്. അടുത്ത ജൂണിലാണ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അതിന് മുമ്പ് താല്‍ക്കാലികമായ നീക്കുപോക്കുകള്‍ക്ക് സാധ്യതയുണ്ട്.
നസിറുദ്ദീന്റെ അഭാവം സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുമോ എന്നാണ് അറിയാനുള്ളത്. സംഘടനയുടെ ആസ്തി സംബന്ധിച്ചും തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇടക്കാലത്ത് ചില നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. അതിന്റെ പേരിലും പുതിയ പ്രശ്‌നങ്ങള്‍ ഉരുത്തിരിയാന്‍ ഇടയുണ്ട്.
വ്യാപാരികളെ സംഘടനക്ക് പിന്നില്‍ അണിനിരത്തുക എന്ന ദൗത്യം വിജയകരമായി ഏറ്റെടുത്ത നേതാവാണ് നസിറുദ്ദീന്‍. സി.പി.എം അനുഭാവികള്‍ ചേര്‍ന്ന് വ്യാപാരി വ്യവസായി സമിതി രൂപീകരിച്ചപ്പോള്‍ പോലും ഏകോപനസമിതിയെ തളര്‍ത്താന്‍ ആയില്ല. കെ. ഹസ്സന്‍കോയയുടെ നേതൃത്വത്തില്‍ വിമതവിഭാഗം സംഘടിച്ചപ്പോഴും ഏകോപനസമിതിക്ക് ഭീഷണിയായില്ല. അതെല്ലാം സാധിച്ചത് നസിറുദ്ദീന്റെ കരുത്തുറ്റ നേതൃത്വത്തിന്റെ സാന്നിധ്യം കൊണ്ടായിരുന്നു. അത്തരമൊരു നേതാവിനെ കണ്ടെത്താനാവുമോ എന്നാണ് സംഘടന നേരിടാന്‍ പോവുന്ന പ്രതിസന്ധി.



