കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തന ഫണ്ട് സമാഹരണത്തിന് നാളെ തുടക്കമാകും. ദോത്തി ചാലഞ്ച് എന്ന പേരില്‍ വേറിട്ട രീതിയില്‍ നടത്തുന്ന ഫണ്ട് സമാഹരണം ഒക്ടോബര്‍ 30വരെ നീളും. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം ഉപയോഗിച്ചാണ് ഫണ്ട് സമാഹരണം നടത്തുന്നത്. ഒക്ടോബര്‍ 10മുതല്‍ 30വരെയുള്ള ദിവസങ്ങളിലായി പ്രവര്‍ത്തകര്‍ സ്‌ക്വോഡുകളായി വീടുകളും കടളും കേന്ദ്രീകരിച്ച് ദോത്തി ചാലഞ്ചിനായുള്ള കലക്ഷന്‍ നടത്തും. പണം നല്‍കിയവര്‍ക്ക് ഡിസംബര്‍ മാസത്തില്‍ സംസ്ഥാന കമ്മറ്റിയുടെ ഗിഫ്റ്റായ ദോത്തി വിതരണം ചെയ്യും. ദോത്തി ചാലഞ്ച് പ്രത്യേക അജണ്ടയാക്കി പതിനാല് ജില്ലകളിലും പ്രത്യേകം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് മണ്ഡലം, പഞ്ചായത്ത് തലത്തിലും കണ്‍വെന്‍ഷനുകള്‍ ചേരുകയുണ്ടായി.
വിവിധ ജില്ലകളില്‍ നിരീക്ഷകരായി ടി.പി.എം ജിഷാന്‍(കാസറഗോഡ്), അഷ്റഫ് എടനീര്‍(കണ്ണൂര്‍), മുജീബ് കാടേരി( വയനാട),ഫൈസല്‍ ബാഫഖി തങ്ങള്‍(കോഴിക്കോട്),പി. ഇസ്മായില്‍(മലപ്പുറം), സി.കെ മുഹമ്മദലി(പാലക്കാട് ), കെ.എ മാഹിന്‍(തൃശ്ശൂര്‍), ഗഫൂര്‍ കോല്‍ക്കളത്തില്‍(എറണാകുളം ), ഗുലാം ഹസ്സന്‍ ആലംഗീര്‍(ഇടുക്കി), റഫീഖ് കൂടത്തായി(കോട്ടയം), സി. ജാഫര്‍ സാദിഖ് (ആലപ്പുഴ), അഡ്വ. കാര്യറ നസീര്‍(പത്തനംതിട്ട), ഇ.എ.എം അമീന്‍(കൊല്ലം), ടി.ഡി കബീര്‍ (തിരുവനന്തപുരം) എന്നിവരെ നിയമിച്ചു. ദോത്തി ചാലഞ്ച് വന്‍ വിജയമാക്കാന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും അഭ്യര്‍ത്ഥിച്ചു.



