കാസര്‍കോട്:ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയയില്‍ നിര്‍മിക്കുന്ന മേല്‍പാലത്തിന്റെ സ്ലാബ് തകര്‍ന്നുവീണു. അപകടത്തില്‍ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. പെരിയ ടൗണില്‍ നിര്‍മിക്കുന്ന മേല്‍പാലം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം.
അഞ്ച് തൊഴിലാളികളാണ് സംഭവം നടക്കുമ്പോള്‍ വര്‍ക് സൈറ്റില്‍ ഉണ്ടായിരുന്നത്.ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം. മേഘാ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ചെങ്കള മുതല്‍ നീലേശ്വരം വരെയുള്ള ദേശീയ പാത നിര്‍മാണത്തിന്റെ കരാര്‍ ജോലി ചെയ്യുന്നത്. മൂന്ന് ഷിഫ്റ്റ് ആയി 24 മണിക്കൂറും തൊഴിലാളികള്‍ ജോലി ചെയ്യുന്നു. പെരിയ ടൗണ്‍ അണ്ടര്‍ പാസേജ് ആയി നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇവിടെ മേല്‍പാലം നിര്‍മിക്കുന്നത്.
പാലത്തിനായി പൈലിങും തൂണ്‍ നിര്‍മാണവും പൂര്‍ത്തിയായിരുന്നു. അപകടം നടക്കുമ്പോള്‍ സൈറ്റ് എന്‍ജിനീയര്‍ സ്ഥലത്തുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ച് അധികൃതര്‍ വ്യക്തമായി ഒന്നും പറയുന്നില്ല . സംഭവത്തെ തുടര്‍ന്ന് ദേശീയ പാത നിര്‍മാണ വിഭാഗം അന്വേഷണം ആരംഭിച്ചു. നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നവരില്‍ ഭൂരിഭാഗവും അതിഥി തൊഴിലാളികളാണ്.



