കാസർകോട്: റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉയർത്തേണ്ട പതാക തലകീഴായി കെട്ടിവെച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി.എ.ആർ ക്യാമ്പിലെ ഗ്രേഡ് എസ്.ഐ നാരായണൻ, സിവിൽ പോലീസ് ഓഫീസർ ബിജുമോൻ എന്നിവരാണ് കുറ്റക്കാർ.
ഇരുവർക്കും എതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു.ജില്ല പൊലീസ് മേധാവിക്ക് വേണ്ടിയാണ് ഇരുവരും പതാക ക്രമീകരണങ്ങൾ നടത്തിയത്.ഈ പതാക ഉയർത്തിയ മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പ്രവഹിക്കുന്നുണ്ട്.മന്ത്രിയെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ കാസർകോട് ഗസ്റ്റ് ഹൗസ് പരിസരത്തു പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
മന്ത്രിയെ പുറത്താക്കണം എന്ന ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്തിന്റെ പ്രസ്താവന മുൻനിറുത്തി സമൂഹ മാധ്യമങ്ങളിൽ വിവാദം കൊഴുക്കുകയാണ്.കഴിഞ്ഞ നവംബർ ഒന്നിന് കർണാടക പിറവി ദിനത്തിൽ ബിജെപി നേതാവും സുള്ള്യ എം.എൽ.എയുമായ മന്ത്രി എസ്.അങ്കാറ മംഗളൂരു നെഹ്റു മൈതാനിയിൽ ദേശീയപതാക തലകീഴായി ഉയർത്തിയത് കുത്തിപ്പൊക്കിയാണിത്.



