കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും സമയം അനുവദിച്ചു. ഇന്ന് പ്രോസിക്യൂഷന്‍ വാദം നടത്തിയെങ്കിലും കൃത്യമായ തെളിവ് ഹാജരാക്കാത്തതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഹര്‍ജി പരിഗണിക്കുന്നത് വരുന്ന 26 ലേക്ക് മാറ്റിയ വിചരണ കോടതി ജാമ്യം റദ്ദാക്കാന്‍ കാരണമാകുന്ന തെളിവുകള്‍ ഹാജരാക്കുന്നതിന് അവസാന അവസരമാണ് നല്‍കുന്നതെന്നും സര്‍ക്കാരിന്റെ അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതിഭാഗം അഭിഭാഷകര്‍ മുംബെയില്‍ പോയിരുന്നുവെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍ നശിപ്പിക്കപ്പെട്ട ചാറ്റുകള്‍ക്ക് നടിയെ ആക്രമിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെങ്കിലെ പ്രസക്തിയുള്ളുവെന്ന് കോടതി മറുപടി നല്‍കി.
ഫോണിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിക്കുന്നതിനായി ദിലീപിന്റെ അഭിഭാഷകരടങ്ങിയ സംഘം മുംബൈയിലേയ്ക്കു പോയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
ഫോണുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതിനു തൊട്ടുപിന്നാലെ പ്രഫഷനലായ ഐടി വിദഗ്ധനെ ഉപയോഗിച്ചു മുംബൈയിലെ ലാബില്‍ കൊണ്ടുപോയി തെളിവു നശിപ്പിച്ചു എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, ഇത് എങ്ങനെ നടിയെ ആക്രമിച്ച കേസിന്റെ ജാമ്യ ഉപാധികളുടെ ലംഘനമാകും എന്ന ചോദ്യമാണ് കോടതി ഉയര്‍ത്തിയത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുമ്പോഴും പ്രോസിക്യൂഷനു മുന്നില്‍ കോടതി ശക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.



