കോഴിക്കോട്: തെരുവ്‌നായകളുടെ ആക്രമണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തുടരുമ്പോഴും നായപിടിത്തവും വാക്‌സിനേഷനും ഷെല്‍ട്ടര്‍ സ്ഥാപിക്കലും പേരിന് മാത്രമായി. കോര്‍പറേഷന്‍ പരിധിയില്‍ എ.ബി.സി പദ്ധതി കാര്യക്ഷമമായതിനാല്‍ അതിന്റെ ഭാഗമായി നായകളെ പിടികൂടുന്നുണ്ട്. ഇതിനകം പതിനായിരത്തോളം നായകളെ വന്ധ്യംകരിച്ചിട്ടുണ്ട്. ഹോട്ട് സ്‌പോട്ടുകളില്‍ നിന്ന് നായകളെ പിടികൂടുന്ന പ്രവൃത്തി തുടരുകയാണ്. അതേസമയം, ജില്ലയിലെ മറ്റു മുനിസിപാലിറ്റികളിലും പഞ്ചായത്തുകളിലും തെരുവ്‌നായകള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന പ്രവൃത്തി മെല്ലെപ്പോക്കിലാണ്. കൊയിലാണ്ടിയിലും വടകരയിലും ഫറോക്കിലും മറ്റും യോഗങ്ങള്‍ ചേര്‍ന്ന് തീരുമാനമെടുത്തതല്ലാതെ പ്രവൃത്തിപഥത്തില്‍ എത്തിയിട്ടില്ല. നായ പിടിത്തത്തിന് ആളെ കിട്ടാത്തതാണ് പ്രധാന കാരണം. നായപിടിത്തക്കാര്‍ക്ക് 500 രൂപവീതം പ്രതിഫലം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ആളെ കിട്ടുന്നില്ല എന്നാണ് പറയുന്നത്. നായപിടിത്തത്തിന്റെ കാര്യത്തില്‍ മൃഗസംരക്ഷണവകുപ്പ് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും കാര്യമായി എവിടെയും നടപ്പാകുന്നില്ല. തദ്ദേശസ്ഥാപനങ്ങളാണ് നായപിടിത്തക്കാരെ നിയമിക്കേണ്ടത്. നിയമനം നേടുന്നവര്‍ക്ക് കണ്ണൂരിലോ ഊട്ടിയിലോ പരിശീലനം നല്‍കണം. പരിശീലനം പൂര്‍ത്തിയാകാന്‍ രണ്ടാഴ്ച സമയം വേണ്ടിവരും. അടുത്തമാസം 20 വരെ വാക്‌സിനേഷന്‍ ഡ്രൈവ് നടത്താനാണ് തീരുമാനം. ഏതായാലും വാക്‌സിനേഷന്‍ ഡ്രൈവില്‍ പുരോഗതിയുണ്ടാവണമെങ്കില്‍ ആഴ്ചകള്‍ കഴിയും എന്നാണ് സൂചന.



