കോഴിക്കോട്: വിനോദസഞ്ചാരത്തിനും ഗതാഗതത്തിനും കൂടുതല്‍ സൗകര്യം നല്‍കുന്ന തീരദേശപാതയുടെ സര്‍വേ ആരംഭിച്ചു. കോരപ്പുഴ മുതല്‍ പൂഴിത്തല വരെയാണ് സര്‍വേ നടക്കുന്നത്. ഇവിടങ്ങളില്‍ ഭൂമി ഏറ്റെടുക്കും. കൊയിലാണ്ടി മണ്ഡലത്തില്‍ മാത്രം 250 കോടിയാണ് നിര്‍മാണചെലവ് പ്രതീക്ഷിക്കുന്നത്. ഏഴ് റീച്ചുകളായാണ് ഇവിടെ നിര്‍മാണം. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മാണച്ചുമതല. കൊയിലാണ്ടി മണ്ഡലത്തില്‍ കാപ്പാട്, ഏഴുകുടിക്കല്‍, കൊയിലാണ്ടി വിരുന്നുകണ്ടി, മൂടാടി, പാലക്കുളം ഉരുപുണ്യകാവ് ബീച്ച് എന്നിവിടങ്ങളിലാണ് സര്‍വേ നടക്കുന്നത്.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 656.6 കിലോമീറ്റര്‍ നീളത്തിലാണ് തീരദേശ ഹൈവേ വരുന്നത്.
ജില്ലയില്‍ വടകര, കൊയിലാണ്ടി, എലത്തൂര്‍, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ മണ്ഡലങ്ങളിലൂടെയാണ് പാത കടന്നുപോകുക. നിലവിലുള്ള തീരപാതകളെ ബന്ധിപ്പിക്കുന്നതായിരിക്കും തീരദേശപാത. കോടിക്കല്‍ ബീച്ച് മുതല്‍ കൊളാവിപാലം വരെയുള്ള ഭാഗത്തെ വിശദമായ പദ്ധതിരേഖ തയാറാക്കിയിട്ടുണ്ട്. കൊളാവിപാലവും വടകര സാന്‍ഡ്ബാഗും തമ്മില്‍ ബന്ധിപ്പിക്കും. ഇവിടെ കുഞ്ഞാലിമരയ്ക്കാര്‍ പാലം നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുക്കാന്‍ ശ്രമം തുടങ്ങി.
കൊയിലാണ്ടി ഹാര്‍ബര്‍ മുതല്‍ കണ്ണങ്കടവ് വരെ നിലവിലുള്ള തീരദേശ റോഡ് തന്നെയാണ് ഉപയോഗിക്കുക. കോരപ്പുഴ കടന്ന് വെങ്ങാലി, പുതിയാപ്പ, കോഴിക്കോട് ബീച്ച് വഴിയാണ് തീരദേശപാത പോവുക. കടലോരമേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് എത്താന്‍ റോഡ് സഹായിക്കും. ഹാര്‍ബറുകളിലേക്കുള്ള ട്രക്കുകള്‍ക്കും എളുപ്പത്തില്‍ എത്താനാവും.



