കോഴിക്കോട്: കോര്‍പറേഷന്‍ ഓഫീസില്‍ ഉദ്യോഗസ്ഥമേധാവിത്വവും ഭരണവിഭാഗത്തിന്റെ കെടുകാര്യസ്ഥതയും അരങ്ങുവാഴുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പാസ്വേഡ് ദുരുപയോഗം. വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഡി ആന്റ് ഒ ലൈസന്‍സ്, വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും പ്ലാന്‍ അംഗീകരിക്കല്‍ എന്നിവയ്ക്ക് വലിയ തുക കൈക്കൂലി ആവശ്യപ്പെടുന്നതായി നേരത്തെ പരാതിയുണ്ട്.
പതിറ്റാണ്ടുകളായി സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയാണ് ഭരണത്തില്‍. ഭരണപക്ഷത്തുള്ളവരും ഇടതു യൂണിയനില്‍പെട്ട നേതാക്കളും വിചാരിക്കുന്ന പോലെ കാര്യങ്ങള്‍ മുന്നോട്ടുപോവുകയാണ് പതിവ്. 1998-2000 കാലയളവില്‍ കോര്‍പറേഷന്‍ കെട്ടിടത്തില്‍ ഫയലുകള്‍ കത്തിനശിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഫയലുകളാണ് കത്തിപ്പോയതെന്നായിരുന്നു അന്നത്തെ മേയര്‍ എം.എം പത്മാവതിയുടെ വിശദീകരണം. ഇപ്പോള്‍ ഫയല്‍ തിരിമറിയുടെ കഥകള്‍ പുറത്തുവരുമ്പോള്‍ അന്നത്തെ തീപ്പിടിത്തം കേവലം ഒരു അപകടമായിരുന്നില്ല എന്ന സൂചനയാണ് ലഭിക്കുന്നത്.
സാധാരണക്കാര്‍ കെട്ടിടത്തിന് പ്ലാന്‍ ലഭിക്കാന്‍ അപേക്ഷ നല്‍കുമ്പോള്‍ നിരവധി രേഖകള്‍ ഹാജരാക്കണം. അതിന് പുറമെ കൈക്കൂലിയും നല്‍കേണ്ടിവരുന്നു. വലിയ തുക ആവശ്യപ്പെടുന്നതും പതിവാണ്. വ്യാപാരികളുടെ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനും കടമ്പകള്‍ ഏറെയാണ്. സ്വാധീനവും പണവും ഉപയോഗിച്ചാല്‍ മാത്രമെ കാര്യങ്ങള്‍ നടക്കുകയുള്ളു എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
വിവിധ പദ്ധതികള്‍ക്ക് കരാര്‍ നല്‍കുന്നത് സംബന്ധിച്ചും ആരോപണങ്ങള്‍ ഉയരാറുണ്ട്. ഏറ്റവുമൊടുവില്‍ കോതിയിലും ആവിക്കല്‍തോടിലും നിര്‍മിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റുകളുടെ കണ്‍സള്‍ട്ടന്‍സിയെ ഏര്‍പ്പെടുത്തിയതിലും വിവാദം പുകഞ്ഞിരുന്നു. ഇത്തരം പ്ലാന്റുകള്‍ നിര്‍മിച്ച് പരിചയമുള്ള കമ്പനിയായിരുന്നില്ല ഡി.പി.ആര്‍ തയാറാക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നത്. ഞെളിയന്‍പറമ്പിലെ മാലിന്യസംസ്‌കരണ പ്ലാന്റ് നടത്തിപ്പുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എത്രയോ കമ്പനികള്‍ ഇവിടെ വന്നുപോയി. എല്ലാം നഷ്ടത്തില്‍ കലാശിക്കുകയായിരുന്നു.
കോര്‍പറേഷന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടാന്‍ പ്രതിപക്ഷത്തിനും കഴിയാറില്ല. ഭരണപക്ഷത്തിന് മൃഗീയ ഭൂരിപക്ഷം ഉള്ളതുതന്നെ പ്രധാന കാരണം. അഴിമതിയുടെ കഥകള്‍ ഇടക്കിടെ ഉയരാറുണ്ടെങ്കിലും സ്വാധീനം ഉപയോഗിച്ച് ഭരണപക്ഷം ഒതുക്കിതീര്‍ക്കുകയാണ് പതിവ്. എന്നാല്‍ അനധികൃതമായി കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയത് ഗുരുതരമായ വീഴ്ചയാണെന്ന് വ്യക്തം. കോര്‍പറേഷന്‍ സെക്രട്ടറിക്കും ധനകാര്യസമിതി ചെയര്‍മാനായിട്ടുള്ള ഡെപ്യൂട്ടി മേയര്‍ക്കും ഇക്കാര്യത്തില്‍ ഒഴിഞ്ഞുമാറാനാവില്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.



