Monday, December 15, 2025

ഡൽഹി റിപ്പബ്ലിക് ദിന പരേഡിൽ കേരള ഗുരു നിശ്ചലദൃശ്യ വിലക്ക്; മുൻ കേന്ദ്രമന്ത്രി ജനാർദ്ദന പൂജാരി നാളെ കുദ്രോളി ക്ഷേത്ര പദയാത്ര നടത്തും

Must Read


മംഗളൂരു: നാളെ ഡൽഹി റിപ്പബ്ലിക് ദിന പരേഡിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുൻനിറുത്തിയുള്ള കേരള സർക്കാർ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി.ജനാർദ്ദന പൂജാരി പദയാത്ര നടത്തും.കങ്കനടിയിൽ നിന്ന് ഗുരുവിന്റെ ഫോട്ടോ ഏന്തിയുള്ള യാത്ര കുദ്രോളി ഗോകർണനാഥേശ്വര ക്ഷേത്രത്തിലാണ് അവസാനിക്കുക.
കേരളത്തിൽ ശ്രീനാരായണ ഗുരു ദർശനങ്ങൾ സൃഷ്ടിച്ച ഓളം ദക്ഷിണ കനറയിലും വീശിയതിന്റെ ഫലമായിരുന്നു 1912ൽ കുദ്രോളി ഗോകർണനാഥ ക്ഷേത്രം നിർമ്മിതി.ബില്ലവ സമുദായത്തിലെ വ്യാപാര പ്രമുഖൻ അധ്യക്ഷകൊറഗപ്പ മുൻകൈയെടുത്തായിരുന്നു ഗുരുവിന്റെ ആശീർവ്വാദത്തോടെ ജാതി വിവേചനമില്ലാതെ എല്ലാ വിഭാഗങ്ങൾക്കും പ്രവേശിച്ച് പ്രാർത്ഥിക്കാവുന്ന ക്ഷേത്രം പണിതത്. ജനാർദ്ദന പൂജാരിയുടെ നേതൃത്വത്തിൽ നവീകരണം നടത്തിയ ക്ഷേത്രം മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയാണ് 1991ൽ ഉദ്ഘാടനം നിർവ്വഹിച്ചത്.
കേരളത്തിലെ ഈഴവരാണ് കർണാടകയിലെ പൂജാരി എന്നറിയപ്പെടുന്ന സമുദായം.കുദ്രോളി ക്ഷേത്രം മുഖ്യ ട്രസ്റ്റിയാണ് ജനാർദ്ദന പൂജാരി.റിപ്പബ്ലിക് ദിനത്തിൽ ശ്രീനാരായണ ഗുരു നിന്ദക്കെതിരായ പ്രതിഷേധം അലയടിക്കേണ്ടതുണ്ടെന്ന് ജനാർദ്ദന പൂജാരി പറഞ്ഞു.കേന്ദ്ര സർക്കാറും ബി.ജെ.പിയും ഗുരുദർശനങ്ങൾക്ക് എതിരാണ്.
ദക്ഷിണ കന്നട ജില്ല ചുമതല വഹിച്ച മന്ത്രി കൊട ശ്രീനിവാസ പൂജാരി കഴിഞ്ഞ ദിവസം കുദ്രോളി ഗോകർണനാഥേശ്വര ക്ഷേത്രം ദർശനം നടത്തി ശ്രീനാരായണ ഗുരു പ്രതിഷ്ഠക്ക് മുന്നിൽ പൂജയും പ്രാർത്ഥനയും നടത്തിയിരുന്നു.ഇദ്ദേഹത്തെ ദക്ഷിണ കന്നട ജില്ല ചുമതലയിൽ നിന്ന് നീക്കി പകരം ഉത്തര കന്നട ജില്ല ചുമതല നൽകി തിങ്കളാഴ്ച കർണാടക മുഖ്യമന്ത്രി ഉത്തരവിറക്കിയിട്ടുണ്ട്.
എന്തിനാണ് കേരളത്തിന്റെ ഗുരു നിശ്ചലദൃശ്യം വിലക്കിയതെന്ന് വ്യക്തമാക്കാൻ കേന്ദ്രത്തെ അന്ധമായി പിന്തുണക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് നളിൻ കുമാർ കട്ടീൽ എം.പിയും സന്നദ്ധമാവണമെന്ന് കോൺഗ്രസ് നേതാവ് ബി.കെ.ഹരിപ്രസാദ് എം.എൽ.സി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്വഗുരുവായി എഴുന്നള്ളിക്കുന്നവർ സാമൂഹിക പരിഷ്കർത്താക്കളേയും സാംസ്കാരിക നായകരേയും എഴുത്തുകാരേയും തള്ളിപ്പറയുന്നതിൽ അത്ഭുതമില്ല.ഗുരുദേവന്റെ ഒരു ജാതി,ഒരു മതം,ഒരു ദൈവം ദർശനം ഉൾക്കൊള്ളാൻ ബി.ജെ.പിക്ക് കഴിയാത്തതാണ് വിഷയം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാർത്താസമ്മേളനത്തിൽ യു.ടി.ഖാദർ എം.എൽ.എ,ഡി.സി.സി പ്രസിഡണ്ട് ഹരീഷ് കുമാർ,മുൻ എം.എൽ.സി ഐവൻ ഡിസൂസ എന്നിവർ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img