കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ കോടതിയില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എംശിവശങ്കറിനെ ആറാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് കേസിലെ ഒന്നാം പ്രതി. ഇയാളെയും കസ്റ്റംസ് കേസില്‍ പ്രതിചേര്‍ത്തു. ആറു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ്, സന്തോഷ് ഈപ്പന്‍ എന്നിവരാണ് മറ്റു പ്രതികള്‍. 40 പേജുള്ള കുറ്റപത്രത്തില്‍ ശിവശങ്കറിന്റെ പങ്കാണ് പ്രധാനമായും വിവരിച്ചിട്ടുള്ളത്. ശിവശങ്കറാണ് കേസിലെ മുഖ്യ ആസൂത്രകനെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കി.
കോണ്‍സല്‍ ജനറല്‍ ഉള്‍പ്പെട്ട ഡോളര്‍ കടത്തിനെ കുറിച്ച് അറിഞ്ഞിട്ടും ശിവശങ്കര്‍ മറച്ചുവച്ചുവെന്നും ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ഒരു കോടി രൂപ കമ്മീഷന്‍ ലഭിച്ചുവെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു. സ്വപ്ന സുരേഷിന്റെ ലോക്കറിലെ തുക ശിവശങ്കറിന് ലഭിച്ച കമ്മീഷനാണെന്നും കസ്റ്റംസ് വ്യക്തമാക്കി.മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറന്‍സി കടത്തിയെന്ന സ്വപ്നയുടെ മൊഴിയും കസ്റ്റംസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോണ്‍സുലേറ്റ് ജനറലും സ്റ്റാഫും ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിനെയും കള്ളക്കടത്തിനെയും പറ്റിയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശിവശങ്കറിന് ലഭിച്ചിരുന്നു.ഇക്കാര്യം പലതവണ ശിവശങ്കര്‍ സ്വപ്നയേയും സരിത്തിനെയും അറിയിച്ചിരുന്നു. ഉത്തരവാദപ്പെട്ട പദവിയിലിരിക്കെ ലഭിച്ച വിവരം ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികളെ അറിയിക്കാതെ മറച്ചു വെച്ചു. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകളും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. 2017 ല്‍ മുഖ്യമന്ത്രി യുഎഇയില്‍ ഉള്ളപ്പോള്‍, കേസിലെ ഒന്നാം പ്രതി ഖാലിദ് ചില പായ്ക്കറ്റുകള്‍ ഡിപ്ലോമാറ്റിക് ചാനല്‍ വഴി കടത്തിയതായുള്ള സ്വപ്നയുടെ മൊഴിയും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.



