ന്യൂഡല്‍ഹി:ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഏഴു സംസ്ഥാനങ്ങളില്‍ ആകെ 21 ഇടത്താണ് റെയ്ഡ് നടക്കുന്നത്. ഡല്‍ഹി എക്സൈസ് കമ്മിഷണര്‍ ആയിരുന്ന എ. ഗോപികൃഷ്ണയുടെ ദാമന്‍ ദിയുവിലെ വസ്തുവിലും റെയ്ഡ് നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.
സിബിഐ തന്റെ വീട്ടിലുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരെ അവരൊന്നും കണ്ടെത്തില്ലെന്നും മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. ”ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഡല്‍ഹി സര്‍ക്കാര്‍ ചെയ്യുന്ന മികവുറ്റ പ്രവര്‍ത്തനം മൂലം ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ആ വകുപ്പുകള്‍ ലക്ഷ്യമിട്ട് അന്വേഷണം നടക്കുന്നത്. സത്യം കോടതിയില്‍ പുറത്തുവരും” അദ്ദേഹം പറഞ്ഞു.
മുന്‍പു നടത്തിയ തിരച്ചിലുകളില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് യാതൊന്നും കണ്ടെത്താനായിട്ടില്ലെന്നും ഇത്തവണയും അതുതന്നെയായിരിക്കും ഉണ്ടാവുകയെന്നും ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ കൊണ്ടുവന്ന എക്സൈസ് നയവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ഉണ്ടെന്ന പരാതിയിലാണ് സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹി ചീഫ് സെക്രട്ടറി ജൂലൈയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നിയമലംഘനം ഉണ്ടെന്നു ചൂണ്ടിക്കാട്ടി ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.



