കൊച്ചി: തൃക്കാക്കരയില്‍ ട്വന്റി20, എഎപി വോട്ടുകള്‍ തേടുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ട്വന്റി20യും എഎപിയും ഒരിക്കലും ഇടതുപക്ഷവുമായി യോജിച്ചിട്ടില്ല. ട്വന്റി20യ്ക്ക് നേരത്തേയുണ്ടായ തിക്താനുഭവം അറിയാമെന്നും കെ.സുധാകരന്‍ പറഞ്ഞു.
‘എഎപിയുടെ കഴിഞ്ഞകാലത്തെ പ്രവര്‍ത്തനവും ട്വന്റി20യുടെ ഇവിടത്തെ രാഷ്ട്രീയ നിലപാടും പരിശോധിച്ചാല്‍ അവര്‍ എവിടെ നില്‍ക്കാനാണ് സാധ്യത?. അവര്‍ എപ്പോഴാണ് ഇടതുപക്ഷത്തെ ഉള്‍ക്കൊണ്ടിട്ടുള്ളത്?. അവരെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷം ഒരുകാരണവശാലും യോജിക്കാന്‍ കഴിയാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ്. ഞങ്ങള്‍ അവരുടെ വോട്ട് സ്വാഗതം ചെയ്യുന്നു’ അദ്ദേഹം പറഞ്ഞു.
അതേസമയം, തൃക്കാക്കരയില്‍ വോട്ട് ആര്‍ക്കെന്നത് രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്ന് ട്വന്റി20 വ്യക്തമാക്കി. മനസാക്ഷി വോട്ടാണോ, മുന്നണിക്കാണോ എന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കും. സില്‍വര്‍ലൈന്‍ പദ്ധതിയും അക്രമ രാഷ്ട്രീയവുമെല്ലാം വിലയിരുത്തുമെന്ന് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് പറഞ്ഞു.



