കോഴിക്കോട്: നാടെങ്ങും പനി പടരുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷമാകുന്നതായി പരാതി. പാരസിറ്റാമോള്‍ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. കുട്ടികള്‍ക്കുള്ള ചുമയുടെ മരുന്ന്, സിറപ്പുകള്‍ എന്നിവയും കിട്ടാനില്ല. കൊളസ്ട്രോള്‍, പ്രമേഹം എന്നിവക്കുള്ള മരുന്നിനും ക്ഷാമമുണ്ട്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ആണ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്ന് വാങ്ങുന്നത്. ഏപ്രിലില്‍ എത്തേണ്ട മരുന്ന് ഇതുവരെയും കിട്ടിയില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കുട്ടികള്‍ക്കുള്ള മരുന്നുകള്‍ ഇല്ലാത്തതാണ് വലിയ പ്രശ്നമായിരിക്കുന്നത്. ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തേണ്ട മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയിലാണ്. ജൂണില്‍ പനി പടരുമെന്ന് അധികൃതര്‍ക്ക് അറിയാവുന്നതാണ്. എന്നാല്‍ മരുന്നുകമ്പനികളുമായി നടത്തുന്ന ടെന്‍ഡര്‍ നടപടികള്‍ വൈകിയതാണ് പ്രശ്നമായത്. ഗുളികകള്‍ക്കും സിറപ്പുകള്‍ക്കും മറ്റും പതിനായിരം, ഇരുപതിനായിരം എന്ന നിലയിലാണ് ഓര്‍ഡര്‍ കൊടുക്കുന്നത്. എന്നാല്‍ കേവലം നൂറെണ്ണം എന്ന നിലയിലാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ആശുപത്രികളില്‍ മരുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറയുമ്പോഴും മറിച്ചാണ് അനുഭവമെന്ന് രോഗികള്‍ സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലും മാതൃശിശു സംരക്ഷണകേന്ദ്രത്തിലും ആശുപത്രി വികസനസമിതി ഫണ്ട് ഉപയോഗിച്ച് മരുന്ന് വാങ്ങുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ അതൊന്നും പ്രതിസന്ധിക്ക് ശാശ്വത പരിഹാരമല്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
കരാര്‍ നല്‍കുന്നതിന്റെ പിന്നില്‍ ചില കള്ളക്കളികള്‍ ഉണ്ടെന്ന് ആരോഗ്യരംഗത്തുള്ളവര്‍ അടക്കം പറയുന്നുണ്ട്. ഏതായാലും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ അനാസ്ഥ ചര്‍ച്ചയാവുകയാണ്. ഡോക്ടറെ കാണാനും ലാബ് പരിശോധനക്കും മറ്റുമായി ക്യൂ നിന്ന് പ്രയാസപ്പെടുന്ന രോഗികള്‍ ഒടുവില്‍ ഫാര്‍മസിയില്‍ എത്തുമ്പോള്‍ മരുന്നില്ല എന്ന പല്ലവിയാണ് കേള്‍ക്കുന്നത്. ഏതെങ്കിലും ആശുപത്രിയില്‍ മരുന്ന് കൂടുതലായി സ്റ്റോക്കുണ്ടെങ്കില്‍ ഇല്ലാത്ത ആശുപത്രിയിലേക്ക് കൈമാറുന്ന രീതി നേരത്തെ ഉണ്ടായിരുന്നു. അത് എടുത്ത കളഞ്ഞതും പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.



