കോഴിക്കോട്: വ്യാപാര സമൂഹത്തെ ഒരു കൊടിക്കീഴില്‍ അണിനിരത്തി പതിറ്റാണ്ടുകളോളം വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ അധ്യക്ഷനായി അമരത്തുനിന്ന ടി. നസിറുദ്ദീന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വ്യാപാരികളും ഏകോപനസമിതി നേതാക്കളും രാഷ്ട്രീയനേതാക്കളും മറ്റും വികാരനിര്‍ഭരമായ യാത്രാമൊഴി നല്‍കി. എട്ടുലക്ഷത്തോളം വരുന്ന വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോയ നേതാവിനെ അവസാമായി ഒരു നോക്കു കാണാന്‍ വീദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തി. മൃതദേഹം കണ്ണംപറമ്പ് ശ്മശാനത്തില്‍ കബറടക്കി. കെ. മുരളീധരന്‍ എം.പി, എം.എല്‍.എമാരായ ഡോ.എം.കെ മുനീര്‍, ഇ.കെ വിജയന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, മേയര്‍ ഡോ. ബീന ഫിലിപ്പ്, വി.കെ.സി മമ്മത്‌കോയ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, പി. രാജീവ്, പി.എ മുഹമ്മദ് റിയാസ്, പ്തിപക്ഷനേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.
ഇന്നലെ രാത്രി 10.30ഓടെയാണ് ടി. നസിറുദ്ദീന്‍ അന്തരിച്ചത്. വൃക്ക സംബ
ന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നുവെങ്കിലും ഹൃദയാഘാതമാണ് മരണകാണം. 78 വയസ്സായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്തുടനീളം കടകമ്പോളങ്ങള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
മര്‍ക്കന്റയില്‍ ബാങ്ക് ചെയര്‍മാന്‍, ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍, ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍, വാറ്റ് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി അംഗം, ഫോറസ്റ്റ് ആന്റ് വൈല്‍ഡ് ലൈഫ് ബോര്‍ഡ് അംഗം, വ്യവസായ ബന്ധസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കണ്ണൂര്‍ സ്വദേശിയാണ്. പ്രമുഖ വ്യാപാരിയായ ടി.കെ മഹ്മൂദിന്റെയും അസ്മാബിയുടെയും മകനായി 1944ലാണ് ജനനം. മിഠായിതെരുവിലെ ബ്യൂട്ടി സ്റ്റോര്‍ ഉടമയാണ്. ഭാര്യ: ജുബൈരിയ. മക്കള്‍: മുഹമ്മദ് മന്‍സൂര്‍ ടാംടണ്‍, എന്‍മോസ് ടാംടണ്‍(ഇരുവരും ബിസിനസ്), അയ്‌ന ടാംടണ്‍(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്). മരുമക്കള്‍: ആസിഫ് പുനത്തില്‍(പൈലറ്റ്, സ്‌പൈസ് ജെറ്റ്), ലൗഫിന മന്‍സൂര്‍(പാചക വിദഗ്ധ), നിസാമുദ്ദീന്‍(ബിസിനസ്, ഹൈദ്രബാദ്).



