കോഴിക്കോട് : വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ ശേഷം കണ്ടെത്തിയ ആറു പെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങള്‍ ഇന്നലെ ഈ കുട്ടിയുടെ രക്ഷിതാവുമായി സംസാരിച്ചിരുന്നു. ഏഴു ദിവസത്തെ അവധി അനുവദിക്കുകയാണെന്ന് കമ്മിറ്റി ചെയര്‍മാന്‍ പി എം തോമസ് പറഞ്ഞു. മറ്റ് കുട്ടികളെ മാറ്റിപാര്‍പ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും ചെയര്‍മാന്‍ അറിയിച്ചു. ജുവനൈല്‍ഹോമിലെ ഗേള്‍സ് ഹോമില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് കുട്ടികള്‍ പരാതിപ്പെട്ടിരുന്നു. കുട്ടികള്‍ക്ക് മാനസികോല്ലാസത്തിനുള്ള സൗകര്യം ഒന്നുമില്ല. മുതിര്‍ന്ന കുട്ടികളുടെ ഭാഗത്തുനിന്ന് ശാരീരികോപദ്രവം ഉണ്ടാകുന്നതായും പരാതിയുണ്ട്. ഗേള്‍സ് ഹോമിലേയും മറ്റും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കാന്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചു. ഒളിച്ചോടിയ കുട്ടികള്‍ ഇവിടെ നിന്ന് മാറണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. ഇതും പരിഗണിക്കും. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനുള്ള നടപടി ഉണ്ടാവും.



