കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ സുരക്ഷാ ജീവനക്കരെ നിയമിക്കാനുള്ള ഹൈക്കോടതിയുടെ നിര്‍ദേശം ഇനിയും നടപ്പായില്ല. 20 ജീവനക്കാരെ നിയമിക്കാന്‍ കോടതി പറഞ്ഞിരുന്നുവെങ്കിലും നാലുപേരെ മാത്രമാണ് നിയമിച്ചത്. ഇതില്‍ പലരും ജോലിക്ക് കൃത്യമായി എത്തുന്നില്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ഫെബ്രുവരിയില്‍ അന്തേവാസികള്‍ തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. അതിനെതുടര്‍ന്നാണ് സുരക്ഷാജീവനക്കാരെ നിയമിക്കാന്‍ നീക്കമുണ്ടായത്. എന്നാല്‍ അന്തേവാസികള്‍ ചാടിപ്പോവുന്ന സംഭവം ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. രാത്രികാലങ്ങളില്‍ സുരക്ഷാജീവനക്കാരുടെ സേവനം കൃത്യമായി ലഭിക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. കഴിഞ്ഞ ദിവസം മതില്‍ചാടി രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തില്‍ മരിച്ചത് ആശങ്കയുണ്ടാക്കുന്നതാണ്.
കല്‍പകഞ്ചേരി സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍(23) ആണ് മരിച്ചത്. ശുചിമുറിയുടെ ചുമര്‍ തുരന്നാണ് ഇയാള്‍ പുറത്തുകടന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടമായതിനാല്‍ ചുമര്‍ തുരന്ന് രക്ഷപ്പെടാനുള്ള സാധ്യത വളരെയധികമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കാന്‍ മാസ്റ്റര്‍പ്ലാനിന് അംഗീകാരം കിട്ടണം. 400 കോടിയുടെ പദ്ധതി ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. 100 കോടിയുടെ പദ്ധതിക്കായി പ്രോജക്ട് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാറിന്റെ സാമ്പത്തിക പരാധീനത കാരണമാണ് പദ്ധതി വൈകുന്നതെന്നാണ് പരാതിയുള്ളത്.
സുരക്ഷാജീവനക്കാരുടെ സ്ഥിരം നിയമനം ഏറെക്കാലമായി നടക്കുന്നില്ല.താല്‍ക്കാലിക നിയമനം നടത്തുകയാണ് പതിവ്. പ്രത്യേക വൈദഗ്ധ്യമുള്ളവരെ നിയമിക്കണമെന്ന നിര്‍ദേശവും നടപ്പായിട്ടില്ല. ജോലി ഏറ്റെടുക്കുന്ന പലരു ഏതാനും ദിവസത്തിനുള്ളില്‍ സ്ഥലംവിടുകയാണ് പതിവ്. ആശുപത്രി ബ്ലോക്കുകളില്‍ സി.സി.ടി.വി സ്ഥാപിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല. ആശുപത്രി വളപ്പില്‍ ചുറ്റിനടന്ന് നിരീക്ഷണം നടത്താന്‍ ഒരേസമയം രണ്ടുപേരെ നിയമിക്കാനാണ് പുതിയ തീരുമാനം. ചുറ്റുമതിലിന്റെ ഉയരം വര്‍ധിപ്പിക്കാനുള്ള പ്രവൃത്തിയും പൂര്‍ത്തിയായിട്ടില്ല.



