കാസര്‍കോട്:പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ സമഗ്രവും സുസ്ഥിരവുമായ നൂതന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കാന്‍ ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ഒന്നാം ഘട്ടമായി വിദ്യാഭ്യാസം, ആരോഗ്യം, സേവന മേഖല (അംഗണവാടികള്‍) എന്നിവ സംബന്ധിച്ച പദ്ധതികള്‍ പൂര്‍ത്തീകരിച്ച് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. മാര്‍ച്ച് മാസത്തോടെ തന്നെ പുഴ-നദീ ശുചീകരണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും പദ്ധതി ആരംഭിച്ചിരുന്നു. അത് നടന്നു വരികയാണെന്നും 2022-23 വര്‍ഷം സംയുക്ത പദ്ധതിയിലുള്‍പ്പെടുത്തി 40 സ്‌കൂളുകള്‍ക്ക് ചുറ്റു മതിലും കളിസ്ഥലവും നല്‍കാന്‍, കേവലം കളിസ്ഥലം എന്നതില്‍ നിന്ന് മാറി മെച്ചപ്പെട്ട കളിസ്ഥലം ഒരുക്കുന്നതിന് പദ്ധതി ആലോചിക്കുന്നുണ്ടെന്നും കെ.ഡി.പിയുമായി ചേര്‍ന്ന് സ്വന്തമായി ഭൂമിയുള്ള 67 അംഗണവാടികള്‍ക്ക് കെട്ടിട സൗകര്യമൊരുക്കാനും എ.ബി.സി പദ്ധതി കാര്യക്ഷമമാക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ദേശീയപാത നവീകരണത്തോടനുബന്ധിച്ച് ജില്ലയിലെ 8000 മരങ്ങള്‍ മുറിക്കേണ്ടിവന്ന സാഹചര്യത്തില്‍ എങ്ങിനെ ആ കുറവ് നികത്താനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താം എന്ന് ആലോചിക്കുന്നതിനായി കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല ആശയം മുന്‍ നിര്‍ത്തി മെയ് 23ന് ബയോഡൈവേര്‍സിറ്റി സെമിനാര്‍ നടത്തുമെന്നും അവര്‍ പറഞ്ഞു. പദ്ധതി രേഖ പൂര്‍ത്തീകരിക്കുന്നതിനായി കുട്ടികളുടെ ഗ്രാമസഭ ചേര്‍ന്ന് അവരില്‍ നിന്നും കൂടുതല്‍ ആശയങ്ങള്‍ തേടും. ഭിന്ന ശേഷി എന്‍ഡോസള്‍ഫാന്‍ ആക്ടിവിസ്റ്റുകളുടെ നിര്‍ദ്ദേശങ്ങള്‍ തേടും. ജില്ലയിലെ 18 വനിതാ ഓഫീസര്‍മാരും മറ്റ് വിനിതാ ജനപ്രതിനിധികളും മുന്‍ വനിതാ ജനപ്രതിനിധികളും കുടംബശ്രീ പ്രതിനിധികളും ചേര്‍ന്ന് വനിതാ സംഗമം നടത്തി സ്ത്രീകളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കും. വയോജനങ്ങളുടെ ആവശ്യങ്ങള്‍ തേടി വയോ സഭകളും മത്സ്യ തൊഴിലാളികളുടെ നിര്‍ദ്ദേശങ്ങള്‍ക്കായി മത്സ്യ സഭകളും കൊറഗ സമഗ്ര പദ്ധതികളും യുവ ഗ്രാമസഭകളും പദ്ധതി രൂപീകരണത്തിന് മുന്നോടിയായി ചേരും. ജൂണ്‍ രണ്ടിന് ജില്ലാ പഞ്ചായത്തിന്റെ ഗ്രാമസഭ പുരാവസ്തു, പുരാരേഖ, തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജൂണ്‍ ഏഴിന് വികസന സെമിനാര്‍ നടത്തും. ജൂണ്‍ 15ഓടെ പദ്ധതി സമര്‍പ്പിക്കും.
ചരിത്രവും വര്‍ത്തമാനവും വിലയിരുത്തി ഭാവി പദ്ധതി പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് സര്‍ക്കാര്‍ നോമിനി അഡ്വ. സി രാമചന്ദ്രന്‍ പറഞ്ഞു. ഡി.പി.സി ഹാളില്‍ നടന്ന ചടങ്ങില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നാം തിരിഞ്ഞ് ഇന്നലെ കളിലേക്ക് നോക്കണമെന്നും അവിടെ നിന്നും മനസ്സിലാക്കുന്ന പോരായ്മകളെ പരിഹരിച്ചുകൊണ്ടുള്ള നവ പദ്ധതികളാണ് നമുക്ക് ആവശ്യമെന്നും യു.എന്‍ വിഭാവനം ചെയ്യുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഓരോന്നായി നേടാനൊരുങ്ങുകയാണ് കേരളമെന്നും അതിന്റെ ആദ്യ പടിയായി അതി ദരിദ്രരില്ലാതാക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത മേഖലകളിലും സമഗ്രവും സുസ്ഥിരവുമായ വികസന ം സാധ്യമാക്കുവാന്‍ പദ്ധതി നിര്‍വ്വഹണത്തിന്റെ ഓരോ ഘട്ടത്തിലും വര്‍ക്കിങ് ഗ്രൂപ്പ് മെമ്പര്‍മാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.



