കോഴിക്കോട് :പാക്അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ച കെ.ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അദ്ദേഹത്തിന്റെ ഉള്ളിലെ പഴയ വികൃതമായ സിമി മുഖം പുറത്തു വന്നിരിക്കുകയാണ് എന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ പി എം നിയാസ് ആരോപിച്ചു .
രാജ്യം 75 –ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ സ്വതന്ത്ര്യ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി ഓരോ ഇന്ത്യക്കാരനും കരുതുന്ന കശ്മീര്‍ ഇന്ത്യയുടെ ഭാഗം അല്ല എന്ന് തന്റെ ഔദ്യോഗിക യാത്ര വേളയില്‍ ഉള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഭരണഘടനാ പദവി വഹിക്കുന്ന ഒരു നിയമസഭ സാമാജികന് ഒട്ടും യോജിച്ചതല്ല.
ഇന്ത്യയുടെ മണ്ണില്‍ നിന്ന് കൊണ്ട് കാശ്മീരിലെ ഭീകരവാദ വിഘടനവാദക്കാരുടെ കാലങ്ങളായി ഉള്ള അവകാശവാദം അംഗീകരിച്ചു കൊടുക്കുന്ന ജലീലിന്റെ നിലപാട് അത്യന്തം അപകടകരമാണ്. കെ ടി ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുവാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണം.
കഴിഞ്ഞ വര്‍ഷം മുതല്‍ മാത്രം ഇന്ത്യന്‍ ദേശിയ പതാക ഉയര്‍ത്തി തുടങ്ങിയ സി പി എം കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ എം എല്‍ എ യും മുന്‍ മന്ത്രിയും ആയ ജലീലിന്റെ ഈ പ്രസ്താവനയില്‍ തങ്ങളുടെ പാര്‍ട്ടി നിലപാട് ഉടന്‍ വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.



