തിരുവനന്തപുരം:ഇന്‍ഡിഗോ വിമാനത്തില്‍ നടന്ന സംഭവത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറഞ്ഞെന്നും, തനിക്കെതിരായി ഉണ്ടായ സംഭവത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.തുടക്കം മുതലേ സര്‍ക്കാരും ആഭ്യന്തരവകുപ്പും ഇക്കാര്യത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന കള്ളക്കളി ദിനംപ്രതി ചീട്ടുകൊട്ടാരംപോലെ പൊളിഞ്ഞുവീഴുകയാണ്. എന്തൊരു നാണക്കേടാണ് ഇക്കാര്യത്തില്‍ പൊലീസ് വരുത്തിവെച്ചത്. ഇന്നലെ നടന്ന സംഭവങ്ങള്‍ ആകെ പൊലീസിനെ നാണം കെടുത്തുന്നതും വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്നതുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഇന്‍ഡിഗോ വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട നടപടിയെ തുടര്‍ന്ന് ഇ.പി. ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ചരിത്രത്തിലില്ലാത്ത തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും, പൊലീസിലെ ഇടത് അനുഭാവ അസോസിയേഷന്റെ നിയന്ത്രണത്തിലാണ് പൊലീസെന്ന ആരോപണം വളരെ ഗൗരവമുള്ളതാണന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് ഉത്തരവിട്ടത്. ഇ.പി.ജയരാജനെ കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍, സുനീഷ് വി.എം. എന്നിവര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കി.
കണ്ണൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദ്, ആര്‍.കെ. നവീന്‍ കുമാര്‍ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.



