കോഴിക്കോട് : അധികാരികള്‍ക്ക് അഴിമതി നടത്താന്‍ വേണ്ടി മാത്രം സീവേജ് പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍ സ്ഥാപിക്കാനുള്ള കോര്‍പറേഷന്‍ അധികാരികളുടെ നിലപാട് മാറ്റുന്നത് വരെ മുസ്ലിം യൂത്ത് ലീഗും യൂ ഡി എഫും സമര രംഗത്തുണ്ടാകുമെന്നും പ്ലാന്റ് എന്ത് വില കൊടുത്തും തടയുമെന്നും ഡോ എം കെ മുനീര്‍ പറഞ്ഞു. ജില്ലാ മുസ്ലിം യൂത്ത്ലീഗ് കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ നടത്തിയ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധൃതി പിടിച്ചു നടത്താന്‍ ശ്രമിക്കുന്ന ഇത്തരം പദ്ധതികളുടെ മറവില്‍ തീവെട്ടികൊള്ള നടത്താന്‍ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും സെക്രട്ടറിയുടെയും നേതൃത്വത്തില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷങ്ങളായി നമ്പര്‍ ലഭിക്കാത്ത കെട്ടിടങ്ങള്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി വാങ്ങുന്നതോടെ നമ്പര്‍ ലഭിക്കുന്നത് എങ്ങിനെയാണ്. കോടികള്‍ ചിലവഴിച്ച സുതാര്യ സംവിധാനം കോര്‍പറേഷനില്‍ ഉണ്ടായിരിക്കെ വളരെ സ്വകാര്യമായ പാസ്സ് വേര്‍ഡും ലോഗിനും ചോര്‍ത്തി പുറത്തു നിന്ന് വ്യാജ നമ്പറുകള്‍ നല്‍കുന്ന സംവിധാനം വഴി നൂറുകണക്കിന് അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പറുകള്‍ നല്‍കി അതിന്റെ മറവില്‍ കോടികള്‍ അഴിമതി നടത്തുകയാണ് കോര്‍പറേഷനില്‍ നടക്കുന്നതെന്നും ഇത്തരം അഴിമതി വെച്ചു പൊറുപ്പിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തി. യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും കെ എം എ റഷീദ് നന്ദിയും പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍, എന്‍ സി അബൂബക്കര്‍, അഹമ്മദ് പുന്നക്കല്‍, നാസര്‍ എസ്റ്റേറ്റ്മുക്ക് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാന്‍, കെ മൊയ്തീന്‍ കോയ, കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ സി ശോഭിത, കെ മുഹമ്മദലി, യു. സജീര്‍, ആഷിക് ചെലവൂര്‍, എന്‍ പി ഉസ്മാന്‍, ടി പി എം ഹാഷിറലി, ഫൈസല്‍ പള്ളിക്കണ്ടി കൗണ്‍സിലര്‍മാരായ അയിഷാബി പാണ്ടികശാല, കവിത അരുണ്‍, നിര്‍മല, അന്‍സിബ, എസ് കെ അബൂബക്കര്‍ പ്രസംഗിച്ചു.



