കൊച്ചി : ആം ആദ്മി പാര്‍ട്ടി -ട്വന്റി ട്വന്റി സഖ്യം പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് കിഴക്കമ്പലം കിറ്റെക്‌സ് ഗ്രൗണ്ടില്‍ നടന്ന ജന സംഗമത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആണ് സഖ്യം പ്രഖ്യാപിച്ചത്. ജന ക്ഷേമ സഖ്യം എന്നാണ് പേര്.കേരളത്തില്‍ ‘ആം ആദ്മി’ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു . എഎപി അതിവേഗം വളരുകയാണ്. ഡല്‍ഹിയില്‍ മൂന്നു പ്രാവശ്യം അധികാരത്തില്‍ എത്തി. പഞ്ചാബിലും സര്‍ക്കാര്‍ രൂപീകരിച്ചു. പാര്‍ട്ടി സത്യത്തിനൊപ്പമാണെന്നും, എല്ലാം ഈശ്വര കൃപയാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ട്വന്റി ട്വന്റി സംഘടിപ്പിച്ച ‘ജനസംഗമം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഓരോന്നായി നിരത്തുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി. രാജ്യ തലസ്ഥാനത്ത് ഒരു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. സംസ്ഥാനത്തെ അഴിമതി തുടച്ചുനീക്കി. ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കി. പഞ്ചാബില്‍ ജനം ആം ആദ്മിയെ തെരഞ്ഞെടുത്തു. രണ്ട് സംസ്ഥാനങ്ങളിലും സാധാരണക്കാരന്‍ വലിയ നേതാക്കളെ പരാജയപ്പെടുത്തി. കേരളത്തിലും മാറ്റം വരേണ്ടതുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ പോലെ സൗജന്യ വൈദ്യുതി, സാധാരണ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ എന്നിവ കേരളത്തിലും വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കി, സര്‍ക്കാര്‍ സ്‌കൂള്‍ മികവുറ്റതാക്കി. ഇവയെല്ലാം കേരളത്തിനും ലഭിക്കും. ജനങ്ങളുടെ അനുഗ്രഹം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ തനിക്ക് ലഭിച്ചു. ഇതല്ലാതെ മറ്റൊന്നും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാബു എം ജേക്കബും, ട്വന്റി -20 യും ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തനിക്ക് വളരെയധികം പ്രചോദനം തരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു



