കോഴിക്കോട് :ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടന്ന ജനകീയം പരാതി പരിഹാര അദാലത്ത് പൊതുജന പങ്കാളിത്തം കൊണ്ട് വന്‍ വിജയമായി മാറി. അദാലത്തില്‍ ലഭിച്ച 306 പരാതികളില്‍ അറുപത് ശതമാനത്തോളം പരാതികള്‍ തീര്‍പ്പാക്കി. വേദിയില്‍ രണ്ടു പട്ടയങ്ങള്‍ നല്‍കുകയും തണ്ണീര്‍ത്തടവുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ തീര്‍പ്പാക്കുകയും ചെയ്തു. അദാലത്തിന്റെ ഭാഗമായി കോര്‍പറേഷനില്‍ മാത്രം നാല്‍പതോളം ഫയലുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്.
ബേപ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 10 മണിക്ക് ആരംഭിച്ച അദാലത്തില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തി. പ്രായത്തിന്റെ അവശത പോലും അവഗണിച്ചെത്തിയ ജനങ്ങളുടെ പരാതികള്‍ നേരിട്ടു കേട്ട മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വേദിയില്‍ വിളിച്ചു പരാതി പരിഹരിക്കുന്നതിനായുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും നേരിട്ട് പരാതികള്‍ പറയാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് ജനകീയത്തിലൂടെ സാധ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതി കേള്‍ക്കുന്നതും പരിഹരിച്ചു കൊടുക്കുന്നതും ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മണ്ഡലത്തിലെ ബേപ്പൂര്‍, ഫറോക്ക്, കരുവന്‍തിരുത്തി, രാമനാട്ടുകര,കടലുണ്ടി, ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസുകളില്‍ നേരത്തേ പരാതികള്‍ സ്വീകരിച്ചിരുന്നു. ഇത്തരത്തില്‍ ലഭിച്ച 256 പരാതികളും അദാലത്തിന്റെ വേദിയില്‍ സജ്ജീകരിച്ച പരാതി സമര്‍പ്പണ കൗണ്ടറില്‍ ലഭിച്ച പരാതികളും അദാലത്തില്‍ പരിഗണിച്ചു. ലഭിച്ച 306 പരാതികളില്‍ അറുപത് ശതമാനം പരാതികള്‍ തീര്‍പ്പാക്കി. മറ്റു പരാതികള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ ദ്രുതഗതിയില്‍ സ്വീകരിക്കാനും അത് പരാതിക്കാരെ വിളിച്ചറിയിക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബേപ്പൂര്‍ മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, പരാതികള്‍ തുടങ്ങിയവ കേള്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനകീയം പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചത്.
ബേപ്പൂര്‍ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. കൃഷ്ണകുമാരി, എ.ഡി.എം മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടര്‍ ഇ.അനിതകുമാരി എന്നിവര്‍ അദാലത്തില്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.രാജീവ്, സുരേഷ്, ഗിരിജ, ടി.രജനി, വാടിയില്‍ നവാസ്, ടി.കെ.ഷമീന എന്നിവരും വിവിധ വകുപ്പു മേധാവികളും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും അദാലത്തില്‍ പങ്കെടുത്തു.



