കോഴിക്കോട്: ചെറുവണ്ണൂര്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ച ലേണിങ് ആന്റ് റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. തൊഴില്‍ നൈപുണ്യ വികസനത്തിനായുള്ള വിവിധ കോഴ്‌സുകളെക്കുറിച്ച് മനസ്സിലാക്കാന്‍ കുട്ടികളെ സഹായിക്കുന്ന തരത്തിലാണ് സ്‌കൂളില്‍ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. സ്‌കൂളിലെ 90 കുട്ടികള്‍ ഓരോ വൃക്ഷതൈ വീതം കോമ്പൗണ്ടില്‍ വച്ചു പിടിപ്പിക്കുന്ന നവഹരിതം പദ്ധതിയുടെ ഉദ്ഘാടനവും വേദിയില്‍ നടന്നു. ഇതിന്റെ ഭാഗമായി മന്ത്രി ഒരു വിദ്യാര്‍ത്ഥിക്ക് പ്ലാവിന്‍ തൈ നല്‍കി.
കുട്ടികളില്‍ ചെറുപ്പം തൊട്ടേ സമ്പാദ്യശീലം വളര്‍ത്തുന്നതിനായി കേരള ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വിദ്യാനിധി പദ്ധതിക്കും ഇന്ന് തുടക്കം കുറിച്ചു. ഭക്ഷ്യമേളയിലൂടെ കുട്ടികള്‍ സമാഹരിച്ച പണമുപയോഗിച്ച് വാങ്ങിയ ടി വി സ്‌കൂളിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥിനിക്ക് മന്ത്രി സമ്മാനിച്ചു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, വി എച് എസ് സി പ്രിന്‍സിപ്പാള്‍ പി. സഞ്ജീവ് കുമാര്‍, എച് എസ് എസ് പ്രിന്‍സിപ്പാള്‍ കെ. സഫിയ, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം. ദിലീപ് കുമാര്‍, കേരള ബാങ്ക് മാനേജര്‍ എം ശ്രീലത, പി ടി എ പ്രസിഡന്റ് കെ. പി. അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



