ആലപ്പുഴ: മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മസ്ഥലമായ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ പ്രസിഡന്റായി. ബിജെപി സ്ഥാനാര്‍ഥി ബിന്ദു പ്രദീപിനെതിരെയാണ് സിപിഎം – കോണ്‍ഗ്രസ് ധാരണ. ആകെ 18 അംഗങ്ങളുള്ള ഭരണസമിതിയില്‍ എല്‍ഡിഎഫിനും കോണ്‍ഗ്രസിനും ബിജെപിക്കും 6 അംഗങ്ങള്‍ വീതമാണുള്ളത്. വിജയമ്മയ്ക്ക് 11 വോട്ട് ലഭിച്ചു. ബിന്ദുവിന് 6 വോട്ട്. ഒരംഗം വോട്ട് ചെയ്യാന്‍ എത്തിയില്ല.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം ഒന്നര വര്‍ഷത്തിനിടെ നാലാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി പ്രതിനിധിക്കെതിരെ സിപിഎം അവതരിപ്പിച്ച അവിശ്വാസം പാസായതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് പിന്തുണയോടെയാണ് അവിശ്വാസം പാസായത്.
പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായ ഇവിടെ സിപിഎമ്മിനും ബിജെപിക്കും മാത്രമേ ഈ വിഭാഗത്തില്‍നിന്ന് അംഗമുള്ളൂ. നേരത്തെയും കോണ്‍ഗ്രസ് പിന്തുണയോടെ വിജയമ്മ പ്രസിഡന്റായെങ്കിലും പാര്‍ട്ടി നിര്‍ദേശ പ്രകാരം രാജി വച്ചിരുന്നു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനില്‍ക്കുകയും ഒരു സിപിഎം അംഗത്തിന്റെ വോട്ട് അസാധുവാകുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ ബിന്ദു പ്രദീപ് പ്രസിഡന്റായി. പിന്നീട് ബിന്ദു അവിശ്വാസത്തിലൂടെ പുറത്തായി.



