കോഴിക്കോട്: കുറ്റ്യാടി -കോഴിക്കോട് റൂട്ടില്‍ സ്വകാര്യബസ് പണിമുടക്ക് തുടരുന്നു. സമരം അവസാനിപ്പിക്കാന്‍ പൊലീസും ബസ് ജീവനക്കാരും തമ്മില്‍ നടന്ന ചര്‍ച്ച അലസി. ദിയ എന്ന സ്വകാര്യബസ് കെ.എസ്.ആര്‍.ടി.സി ബസില്‍ തട്ടിയതിന്റെ പേരിലാണ് കേസ് എടുത്തത്. പൊതുമുതല്‍ നശിപ്പിക്കല്‍ നിയമം അനുസരിച്ചുകൂടിയാണ് ഡ്രൈവര്‍ സൂപ്പിക്കട സ്വദേശി എള്ളുപറമ്പില്‍ സിദ്ദീഖിനെതിരെ കേസെടുത്തത്. സിദ്ദീഖ് റിമാന്‍ഡിലാണ്. അതേ വകുപ്പുകള്‍ ചേര്‍ത്ത് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കെതിരെയും കേസ് എടുക്കണമെന്നായിരുന്നു ബസ് ജീവനക്കാരുടെ ആവശ്യം ഇത് അംഗീകരിക്കാന്‍ പൊലീസ് തയാറായില്ല. ഇതോടെ ചര്‍ച്ച വഴിമുട്ടി.
അതുകൊണ്ടുതന്നെ ഇന്നും കുറ്റ്യാടി റൂട്ടില്‍ സ്വകാര്യബസുകള്‍ ഓടുന്നില്ല. ഓട്ടം നിര്‍ത്തിയ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആര്‍.ടി.ഒ അധികൃതര്‍ നീക്കം തുടങ്ങി. യാത്രക്കാരുടെ പ്രയാസം പരിഹരിക്കാന്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടുന്നുണ്ട്. എന്നാല്‍ യാത്രാദുരിതത്തിന് വലിയ തോതില്‍ പരിഹാരം ആയിട്ടില്ല.
കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുള്ളവര്‍ നഗരത്തിലെത്താന്‍ പ്രയാസപ്പെടുകയാണ്. വിദ്യാര്‍ത്ഥികളും ദുരിതത്തിലായി. ഈ റൂട്ടില്‍ സ്വകാര്യബസുകള്‍ പണിമുടക്കുന്നത് പതിവാണ്. നിസ്സാര കാരണങ്ങളുടെ പേരില്‍ മിന്നല്‍ പണിമുടക്ക് അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്.
മുന്‍കൂട്ടി അറിയിക്കാതെ പണിമുടക്ക് നടത്തരുതെന്ന് പൊലീസും ആര്‍.ടി.ഒ അധികാരികളും ബസുടമകളും സംയുക്ത യോഗം ചേര്‍ന്ന് തീരുമാനിച്ചതാണ്. അതിന് വിരുദ്ധമായിട്ടാണ് വ്യാഴാഴ്ച മിന്നല്‍ സമരം തുടങ്ങിയത്. അത് പിന്നീട് അനിശ്ചിതകാല സമരമായി മാറുകയായിരുന്നു.
കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തെ ബസ് ജീവനക്കാരുടെ പേരില്‍ നിരവധി പരാതികള്‍ ഉയരുന്നുണ്ട്. യാത്രക്കാരോടും വിദ്യാര്‍ത്ഥികളോടും മോശമായി പെരുമാറുന്നതും അമിത വേഗതയും പരാതിയായി ഉയരാറുണ്ട്. ബസ് ജീവനക്കാര്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നതും പതിവാണ്. മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലും ഇവര്‍ പ്രത്യേക നിയമങ്ങള്‍ ഉണ്ടാക്കാറുണ്ടെന്ന് മറ്റു ബസ് ജീവനക്കാര്‍ പറയുന്നു.



