വാസുദേവന്‍ കുപ്പാട്ട്
ചരിത്രകാരന്‍ എന്ന നിലയില്‍ നിരന്തരമായ അന്വേഷണമായിരുന്നു ഡോ. എം.ഗംഗാധരന്റെ ധൈഷണിക ജീവിതം. മലബാര്‍ കലാപത്തിനെ ആസ്പദമാക്കി അദ്ദേഹം നടത്തിയ ഗവേഷണം വസ്തുതകളുടെ യാഥാര്‍ത്ഥ്യം തേടിയുള്ള യാത്രയായിരുന്നു. മലബാര്‍ ലഹള എന്ന പേരിലും ബ്രിട്ടീഷുകാരോടുള്ള ഒരു നാടിന്റെ ചെറുത്തുനില്‍പ് എന്ന നിലയ്ക്കും മലബാര്‍ കലാപം ചരിത്രത്തില്‍ ഇടം നേടിയപ്പോള്‍ അതിനെ ചരിത്രവസ്തുതകളുടെ പിന്‍ബലത്തോടെ പരിശോധിക്കുകയും തന്റേതായ നിഗമനങ്ങളില്‍ എത്തുകയുമാണ് ഗംഗാധരന്‍ ചെയ്തത്. എന്നാല്‍ മലബാറില്‍ നടന്ന ഈ സമരത്തെ ആഘോഷിക്കുന്നതിനോട് ഗംഗാധരന് ഒരുകാലത്തും യോജിപ്പ് ഉണ്ടായിരുന്നില്ല. തന്റെ നിഗമനങ്ങള്‍ അരയ്ക്കിട്ടുറപ്പിക്കാന്‍ ആവശ്യമായ തെളിവുകളെല്ലാം അദ്ദേഹം ശേഖരിച്ചുവെച്ചിരുന്നു. എങ്കിലും അദ്ദേഹം പല നിലയ്ക്കും വിമര്‍ശനത്തിന് വിധേയമായി. സംവാദങ്ങള്‍ക്കൊപ്പം വിവാദങ്ങളും ഉണ്ടാവുന്നതില്‍ അഥവാ ഉണ്ടാക്കുന്നതില്‍ അദ്ദേഹത്തിന് ഒട്ടും മടിയുണ്ടായിരുന്നില്ല. തന്റെ ആശയഗതികള്‍ ശക്തിയുക്തം സമര്‍പ്പിച്ച് മൗനം പാലിക്കുകയാണ് പതിവ്.
മലബാറിലെ മുസ്‌ലിം ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും അവരുടെ പി്‌ന്നോക്കാവസ്ഥയയും നേരിട്ട് മനസ്സിലാക്കിയ ആളാണ് ഗംഗാധരന്‍. ചരിത്രപരമായും സാമൂഹികമായും അതിനുള്ള കാരണങ്ങള്‍ അദ്ദേഹം അന്വേഷിക്കുകയുണ്ടായി. മലപ്പുറം ജില്ലയില്‍ ജനിച്ചു വളരാന്‍ ഇടയാക്കിയത് ഇതിന് ഒരു കാരണമാവാം. കേരളത്തിലെ മുസ്‌ലിംകളെപ്പറ്റി പഠി്ക്കാന്‍ എത്തുന്ന വിദേശീയരും തദ്ദേശീയരുമായ ചരിത്രകാരന്മാര്‍ക്ക് ഡോ. ഗംഗാധരന്‍ വഴികാട്ടിയായിരുന്നു. പലരും അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചുകൊണ്ട് പഠനം നടത്തിയതും ഈ ചരിത്രകാരന്റെ ഉദാരമായ സമീപനത്തിന് തെളിവാണ്.
കോഴിക്കോട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ചരിത്രാധ്യാപകനായിട്ടാണ് അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചത്. അതിനുശേഷം കോട്ടയം എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ വിസിറ്റിങ് പ്രഫസറായി.
ചരിത്രപഠനവും അന്വേഷണവും മാറ്റി നിര്‍ത്തിയാല്‍ ഡോ. എം. ഗംഗാധരന്റെ കര്‍മ മണ്ഡലം സാഹിത്യമായിരുന്നു. നിരൂപണത്തിന്റെ ആധുനിക മുഖം അദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞുനിന്നു. 1950ല്‍ മദിരാശിയില്‍ പഠിക്കാന്‍ പോയതോടെ സാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിലേക്ക് അദ്ദേഹത്തിന് ഒരു വലിയ ജാലകം തുറന്നുകിട്ടി. അനുകര്‍ത്താക്കളുടെ ചിന്തകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും തീ കൊളുത്തുന്ന എം. ഗോവിന്ദന്റെ സമ്പര്‍ക്കമായിരുന്നു അത്. കവിത, കഥ, നോവല്‍ എന്നീ സാഹിത്യമാതൃകകള്‍ക്ക് പുറമെ ചിത്രകലയും തത്വചിന്തയും രാഷ്ട്രീയവും വഴങ്ങുന്ന അസാധാരണ പ്രതിഭയായിരുന്ന ഗോവിന്ദന്റെ യശോധാവള്യത്തിന് നടുവില്‍ കഴിയാനുള്ള അപൂര്‍വ അവസരം ഗംഗാധരന് ലഭിച്ചു. എം. ഗോവിന്ദന്‍ തുടങ്ങിയ ‘ഗോപുരം’ എന്ന മാസിക വഴി പാശ്ചാത്യ എഴുത്തുകാരെ പരിചയപ്പെടാന്‍ സാധിച്ചതായി ഗംഗാധരന്‍ പറഞ്ഞിട്ടുണ്ട്. ഗോവിന്ദന്റെ തന്നെ ‘സമീക്ഷ’ യില്‍ എഴുതാനുള്ള അവസവും അദ്ദേഹത്തിന് കൈവന്നു.
മദിരാശി പച്ചയ്യപ്പാസ് കോളജിലെ പഠനത്തിനിടെയാണ് ഗംഗാധരന്‍ ഗോവിന്ദന്റെ കൂട്ടായ്മയില്‍ അംഗമാവുന്നത്. കടമ്മനിട്ട രാമകൃഷ്ണന്‍ അക്കാലത്ത് അവിടെയുണ്ടായിരുന്നു. പച്ചയ്യപ്പാസില്‍ അധ്യാപകനായിരുന്ന എം.പി ശങ്കുണ്ണിനായരുടെ ജ്ഞാനദീപ്തി അടുത്തറിയാനും മദിരാശി ജീവിതം ഗംഗാധരനെ സഹായിച്ചു.
കേരളകവിത എന്ന പേരില്‍ തിരുവനന്തപുരത്ത് അയ്യപ്പപ്പണിക്കരുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രസിദ്ധീകരണത്തിന്റെ ഭാഗമാകാനും ഗംഗാധരന് സാധിച്ചു. വൈലോപ്പിള്ളി, ആറ്റൂര്‍ രവിവര്‍മ്മ, കടമ്മനിട്ട, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരുടെ കവിത ആഴത്തില്‍ പഠിക്കാനും എഴുതാനും സാധിച്ചതോടെ സാഹിത്യ നിരൂപണത്തിന്റെ മേഖലയില്‍ ഗംഗാധരന്‍ സ്ഥാനം നേടി. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രഥമ സമാഹാരമായ പതിനെട്ടു കവിതകള്‍ക്ക് അവതാരിക എഴുതുന്നത് ഗംഗാധരനാണ്. കുട്ടികൃഷ്ണമാരാര്‍, പി.കെ ബാലകൃഷ്ണന്‍, ജി. കുമാരപിള്ള, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയവരെ വിലയിരുത്തിക്കൊണ്ടുള്ള ലേഖനങ്ങളും ശ്രദ്ധേയങ്ങളാണ്. സുകുമാര്‍ അഴീക്കോടിന്റെ പ്രസംഗത്തില്‍ ശ്രദ്ധചെലുത്തിയപ്പോള്‍ എഴുത്തില്‍ പിന്നാക്കം പോയതായി ഗംഗാധരന്‍ നിരീക്ഷിക്കുകയുണ്ടായി.
സ്ത്രീകള്‍ക്ക് അവസര സമത്വം ലഭിക്കണം എന്ന അഭിപ്രായം അദ്ദേഹം നിരന്തരമായി ആവര്‍ത്തിച്ച ഒരു കാര്യമാണ്. സാംസ്‌കാരികലോകത്തും രാഷ്ട്രീയത്തിലും സമൂഹത്തിലും സ്തീകളെ രണ്ടാംതരക്കാരായി മാറ്റി നിര്‍ത്തുന്നതിനെതിരെ ഗംഗാധരന്‍ സംസാരിക്കുകയും എഴുതുകയും ചെയ്തു.
പരപ്പനങ്ങാടി അഞ്ചപ്പുരയിലെ അദ്ദേഹത്തിന്റെ വസതി എഴുത്തുകാര്‍ക്കും സഹൃദയര്‍ക്കും ചരിത്രാന്വേഷികള്‍ക്കും ഇടത്താവളമായിരുന്നു. ആശയങ്ങളും ചിന്തയും മൂര്‍ച്ച കൂട്ടി അവിടെ ഗംഗാധരന്‍ സുഹൃത്തുക്കളെ കാത്തിരുന്നു. ധാരാളം മരങ്ങളും ചെടികളും നിറഞ്ഞ വലിയ പുരയിടമാണ്. പച്ച ചായമടിച്ച ഗേറ്റ് എപ്പോഴും തുറന്നിട്ടിരിക്കും. ഗേറ്റ് കടന്ന് വീട്ടിലെത്താന്‍ ആലങ്കാരികമായി പറഞ്ഞാല്‍ ഒരു ഫര്‍ലോങ് നടക്കണം. ഉമ്മറത്ത് ചാരുകസേരയില്‍ ഗംഗാധരന്‍ ഉണ്ടാവും. മധുവനം എന്നാണ് വീടിന് ആദ്യം പേരിട്ടിരുന്നത്. പിന്നീട് കൈലാസം എന്നാക്കി മാറ്റി. ഗംഗാധരന്റെ വീടിന് പറ്റിയ പേര് കൈലാസമാണെന്ന് സ്വയം കരുതിയിട്ടുണ്ടാവാം. അങ്ങനെ ചില കുസൃതികളും നര്‍മ്മവും എഴുത്തിലും സംസാരത്തിലും മാത്രമല്ല, ജീവിതത്തിന്റെ എല്ലാതലത്തിലും ഗംഗാധരന്‍ ഒളിപ്പിച്ചുവെച്ചിരുന്നു. ഗംഗാധരന്റെ സാന്നിധ്യം ഇല്ലെങ്കിലും അനുകര്‍ത്താക്കള്‍ക്ക് ഇനിയും ഓര്‍മയില്‍ അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍ നുകരാം.



