വാസുദേവന്‍ കുപ്പാട്ട്
കൊച്ചേരത്തി എന്ന നോവല്‍ എഴുതുമ്പോള്‍ അതൊരു സാഹിത്യകൃതിയാണെന്ന ബോധ്യം നാരായന് ഉണ്ടായിരുന്നില്ല. ആദിവാസി ഗോത്ര വിഭാഗത്തിന്റെ ജീവിതം എങ്ങനെയാണോ മുന്നില്‍ കണ്ടതും അനുഭവിച്ചതും അത് അവതരിപ്പിക്കുക മാത്രമായിരുന്നു നാരായന്‍. ആദിവാസി വിഭാഗമായ മലയരുടെ ജീവിതമാണ് കൊച്ചേരത്തിയില്‍ തുടിച്ചിരുന്നത്.
ഗോത്രവിഭാഗം അനുഭവിച്ചിരുന്ന അയിത്തവും വേര്‍തിരിക്കലും സ്വജീവിതത്തില്‍ മാത്രമല്ല എഴുത്തുജീവിതത്തിലും അനുഭവിച്ച ആളായിരുന്നു നാരായന്‍. അദ്ദേഹത്തിന്റെ പേര് തന്നെ അതിന് തെളിവാണ്. നാരായണന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. സ്‌കൂള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയപ്പോള്‍ എങ്ങനെയോ നാരായന്‍ ആയി. അങ്ങനെ സ്‌കൂള്‍ ജീവിതം മുതല്‍ ഇനിയും ശരിയാക്കേണ്ടതുണ്ട് എന്ന തരത്തിലുള്ള ഒരു ബോധം നാരായനെ ഭരിച്ചിരുന്നു. രണ്ടു വയസ്സുളളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട നാരായന്റെ ജീവിതത്തിലുടനീളം പരാജയബോധത്തിന്റെ നീറ്റല്‍ ഉണ്ടായിരുന്നു. പാമ്പുകടിയേറ്റാണ് അമ്മ മരിച്ചത്. അമ്മയെ കണ്ട ഓര്‍മയില്ലെന്ന് നാരായന്‍ എഴുതിയിട്ടുണ്ട്.കണ്ടതും കേട്ടതുമല്ല ആദിവാസി ജീവിതം എന്ന് നാരായന്‍ വായനക്കാരെ ബോധ്യപ്പെടുത്തി. ചെങ്ങാറും കുട്ടാളും, ഊരാളിക്കുടി എന്നീ കൃതികള്‍ ആദിവാസി ജീവിതം നേരിടുന്ന പ്രതിസന്ധികളും പ്രയാസങ്ങളും വിവരിക്കുന്നതായിരുന്നു. ലൈംഗിക ചൂഷണം വരെ അവര്‍ നേരിട്ടു. അതെല്ലാമാണ് നാരായന്‍ തന്റെ കൃതികളിലൂടെ ആവിഷ്‌ക്കരിച്ചത്.
ആദിവാസി സമൂഹത്തിന്റെ ജീവിതം ആ സമുദായത്തില്‍ തന്നെയുള്ള ഒരാള്‍ എഴുതി എന്നതാണ് നാരായന്‍കൃതികളുടെ മേന്മ. എങ്കിലും അദ്ദേഹത്തിന് സാഹിത്യലോകത്ത് അര്‍ഹമായ അംഗീകാരം കിട്ടിയോ എന്ന് സംശയമാണ്. കൊച്ചേരത്തി എന്ന നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. വിവിധ യൂണിവേഴ്സിറ്റികളില്‍ നാരായന്റെ കൃതികള്‍ പാഠപുസ്തകമാക്കിയിട്ടുണ്ട്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലും അദ്ദേഹത്തിന്റെ കൃതികള്‍ ചെന്നെത്തി. തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ്(1999), സ്വാമി ആനന്ദതീര്‍ത്ഥ പുരസ്‌കാരം(2011), അബുദാബി ശക്തി അവാര്‍ഡ് എന്നിവ കൊച്ചേരത്തിയെ തേടിയെത്തി.
തൊടുപുഴ കുടയത്തൂരില്‍ രാമന്റെയും കൊച്ചൂട്ടിയുടെയും മകനായി 1940ലാണ് ജനനം. തപാല്‍വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. 1995ല്‍ വിരമിച്ചു. 15 വര്‍ഷമായി എറണാകുളത്തെ പുതുക്കവട്ടം മുളയ്ക്കല്‍ റോഡിലെ വാടക വീട്ടിലായിരുന്നു താമസം. സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ തനിക്ക് അര്‍ഹമായ സ്ഥാനം കിട്ടിയില്ലെന്ന ഒരു ബോധം നാരായനെ എന്നും വേട്ടയാടിയിരുന്നു. പല പരിപാടികള്‍ക്കും ക്ഷണം കിട്ടാറില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ക്ഷണം കിട്ടിയാലും വേദിയില്‍ കസേര കിട്ടുമെന്ന് ഉറപ്പില്ല. അതുകൊണ്ടുതന്നെ ഉള്‍വലിയുന്ന ഒരു സ്വഭാവം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാല്‍ എഴുത്തില്‍ അത്തരം പ്രശ്നങ്ങളൊന്നും അലട്ടിയില്ല. മുന്‍നിര പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹത്തിന്റെ കഥകളും നോവലുകളും സ്ഥാനം നേടി.



