കോഴിക്കോട്: നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന വനിതകള്‍ക്ക് താമസിക്കുന്നതിന് കോര്‍പറേഷന്‍ നിര്‍മിച്ച ഷീ ലോഡ്ജ് ഇനിയും തുറന്നുകൊടുക്കാന്‍ മുഹൂര്‍ത്തമായില്ല. പഠനത്തിനും ജോലിക്കും ഇന്റര്‍വ്യൂവിനും മറ്റുമായി ധാരാളം സ്ത്രീകളാണ് നഗരത്തില്‍ ദിനംപ്രതി എത്തുന്നത്. അവര്‍ക്ക് ഒന്നോ രണ്ടോ ദിവസം താമസിക്കാന്‍ ഇടം കിട്ടാന്‍ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് തനിച്ച് എത്തുന്ന സ്ത്രീകള്‍ക്കാണ് പ്രയാസം കൂടുതല്‍ അനുഭവപ്പെടുന്നത്. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് ഷീ ലോഡ്ജ് നിര്‍മിച്ചത്. 2020 നവംബറിലാണ് ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തത്. രണ്ടുവര്‍ഷം തികയാറാകുമ്പോഴും പ്രവേശനം നല്‍കാന്‍ സജ്ജമായിട്ടില്ല എന്നതാണ് പ്രശ്നം. 125 പേര്‍ക്ക് താമസിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. 21 കിടപ്പുമുറികളും ആറ് ഡോര്‍മിറ്ററിയും ഉണ്ട്. അടുക്കള, ഡൈനിങ് ഹാള്‍, ശുചിമുറി ബ്ലോക്ക് എല്ലാം ഒരുക്കിയെങ്കിലും ആവശ്യമായ ഫര്‍ണിച്ചര്‍ കിട്ടാത്തതു കാരണം പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
റെയില്‍വേ സ്റ്റേഷന്‍, പാളയം, മൊഫ്യൂസല്‍ സ്റ്റാന്റ്, കെ.എസ്.ആര്‍.ടി.സി എന്നിവിടങ്ങളില്‍ നിന്നെല്ലാം എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന സ്ഥലത്താണ് ഷീ ലോഡ്ജ് ഉള്ളത്. ഇതിന്റെ നടത്തിപ്പ് ആരെ ഏല്‍പിക്കണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. കുടുംബശ്രീയെ ഏല്‍പിക്കാനാണ് ആലോചിക്കുന്നത്. വാടക നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കോര്‍പറേഷന്റെ ഭാഗത്തുനിന്നാണ് ഉണ്ടാവേണ്ടത്. ഫയല്‍ കൗണ്‍സിലില്‍ വന്നിരുന്നുവെങ്കിലും തീരുമാനം വൈകുകയാണ്.
നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ താമസസൗകര്യം വലിയ പ്രശ്നമാണ്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്വകാര്യ ഹോസ്റ്റലുകളില്‍ പ്രവേശനം എളുപ്പമല്ല. ഈ സാഹചര്യത്തില്‍ ഷീ ലോഡ്ജ് പോലുള്ള സംവിധാനങ്ങള്‍ ആശ്വാസമാണ്. നിരവധി സ്ത്രീകള്‍ ഷീ ലോഡ്ജ് സൗകര്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോര്‍പറേഷനിലേക്ക് വിളിക്കുന്നുണ്ട്. മേയറുടെയും കോര്‍പറേഷന്‍ ഓഫീസിന്റെയും ഭാഗത്തുനിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുകയാണ് നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍.



