വാസുദേവന്‍ കുപ്പാട്ട്
ഗാനരചയിതാവ്, കവി, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലയ്ക്കെല്ലാം അറിയപ്പെടുന്ന വ്യക്തിത്വമാണ് ഇന്നലെ അന്തരിച്ച ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി. ഗുരുവായൂരിനടത്ത് ജനിച്ച ആളായതിനാല്‍ കൃഷ്ണന്റെ ഭക്തനായതില്‍ തെല്ലും അത്ഭതമില്ല. ഭക്തിയുടെ മേന്മ വിളിച്ചോതുന്ന നിരവധി ഗാനങ്ങളിലൂടെ മലയാളഭാഷയെ അനുഗ്രഹിക്കാന്‍ ചൊവ്വല്ലൂരിന് സാധിച്ചു. കൃഷ്ണനെ പറ്റി മാത്രമല്ല, കലിയുഗ വരദനായ അയ്യപ്പനെപ്പറ്റിയും എത്രയോ ഗാനങ്ങള്‍ അദ്ദേഹം എഴുതി. യേശുദാസിന്റെയും മറ്റും ശബ്ദത്തില്‍ ആ പാട്ടുകള്‍ ഇന്നും നമ്മെ തൊട്ടു തലോടുകയാണ്. ഉദിച്ചുയര്‍ന്നു മാമല മുകളില്‍ ഉത്രം നക്ഷത്രം, കാനനവാസ, കലിയുഗവരദ കഴലിണ തഴുകിടുന്നേന്‍ എന്നിങ്ങനെയുള്ള നിരവധി ഗാനങ്ങള്‍ ചൊവ്വല്ലൂരിന്റെ തൂലികയില്‍ നിന്ന് പിറന്നു വീണു. സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതി ആ രംഗത്തും കറതീര്‍ന്ന കലാവൈഭവം പ്രകടിപ്പിച്ചു. ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗം എന്ന ചിത്രത്തിലെ സംഭാഷണം അദ്ദേഹത്തിന്റേതായിരുന്നു. ഊര്‍മിള ഉണ്ണിയുടെ കഥാപാത്രം ഇങ്ങനെ പറയുന്ന രംഗം അതിലുണ്ട്: കുന്തീദേവിയോട് ശ്രീകൃഷ്ണന്‍ ചോദിച്ചു. അച്ഛന്‍പെങ്ങള്‍ക്ക് എന്താണ് വേണ്ടത്? ഭഗവാനല്ലെ എന്തും ചോദിക്കാം. പക്ഷെ കുന്തീദേവി പറഞ്ഞു. കൃഷ്ണാ എനിക്ക് ദു:ഖം മാത്രം തരൂ എന്നാലല്ലേ ഭഗവാനേ എപ്പോഴും ഓര്‍ക്കാന്‍ പറ്റൂ.

ഇപ്രകാരം ഭക്തിയും തത്വചിന്തയും ജീവിതവീക്ഷണവും ഒത്തിണങ്ങിയതായിരുന്നു ചൊവ്വല്ലൂരിന്റെ എഴുത്ത്. ആഹ്വാന്‍ സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത കലോപാസന എന്ന ചിത്രത്തില്‍ പാട്ടുകള്‍ എഴുതിയത് ചൊവ്വല്ലൂര്‍ ആയിരുന്നു. കെ. രാഘവന്റെ പ്രോത്സാഹനത്തെതുടര്‍ന്നാണ് സിനിമക്ക് പാട്ടെഴുതാന്‍ തുനിഞ്ഞത്. പി. ജയചന്ദന്‍ ആയിരുന്നു ആലാപനം. ഉഷമലരുകളുടെ നടുവില്‍, ഉദയഗോപുരനടരയില്‍ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. തുലാവര്‍ഷം എന്ന ചിത്രത്തിലെ സ്വപ്നാടനം ഞാന്‍ തുടരുന്നു എന്ന് തുടങ്ങുന്ന ഗാനവും ഏറെ ആകര്‍ഷണീയമായി. പ്രഭാതസന്ധ്യ എന്ന ചിത്രത്തിനുവേണ്ടി തിരക്കഥ തയാറാക്കിയും ഇദ്ദേഹമാണ്. നടന്‍ മധുവിന്റെ നിര്‍ബന്ധത്താലായിരുന്നു ഇത്. ശ്രീരാഗം, ഒരുകഥ നുണക്കഥ, ചൈതന്യം എന്നീ ചിത്രങ്ങള്‍ക്കും തിരക്കഥ രചിച്ചു.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായിരുന്ന നവജീവനിലാണ് ചൊവ്വല്ലൂരിന്റെ എഴുത്ത്ജീവിതം ആരംഭിക്കുന്നത്.
പത്രാധിപര്‍ ജോസഫ് മുണ്ടശ്ശേരിയുടെ വാക്കുകള്‍ കേട്ടെഴുതുന്ന ജോലിയായിരുന്നു തുടക്കത്തില്‍. പിന്നീട് മലയാള മനോരമയില്‍ ചേര്‍ന്നു. ചിക്കമംഗളൂരില്‍ ഇന്ദിരാഗാന്ധി മത്സരിക്കാന്‍ എത്തിയപ്പോള്‍ ഇന്റര്‍വ്യൂ ചെയ്യാനുള്ള അവസരം ചൊവ്വല്ലൂരിന് കൈവന്നു. അടിയന്തരാവസ്ഥക്ക് ശേഷമുള്ള പ്രത്യേക രാഷ്ട്രീയ അന്തരീക്ഷത്തിലുള്ള ഇന്റര്‍വ്യൂ ഏറെ ശ്രദ്ധിക്കപ്പെട്ടു.
എഴുത്ത് ഗൗരവം നിറഞ്ഞതാണെങ്കിലും നര്‍മ്മം പറയാനും ആസ്വദിക്കാനുമുള്ള മനസ്സ് ചൊവ്വല്ലൂരിന് എന്നും ഉണ്ടായിരുന്നു. ഹാസ്യസാഹിത്യത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം അദ്ദേഹത്തിന്റെ കൃതിക്ക് ലഭിച്ചു. കവിതയ്ക്കും ഗാനത്തിനും പുറമെ ക്ഷേത്രകലകളിലും നിഷ്ണാതനായിരുന്നു അദ്ദേഹം. കഥകളി, തായമ്പക, അഭിനയം എന്നിവയിലും നല്ല അറിവുണ്ടായിരുന്നു. കലാമണ്ഡലം രാമന്‍കുട്ടി, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍, കുടമാളൂര്‍ കരുണാകരന്‍, ചമ്പക്കുളം പാച്ചുപ്പിള്ള എന്നിവരെപ്പറ്റി ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്. സായാഹ്നപത്രമായ സ്വതന്ത്രമണ്ഡപത്തിന്റെ എഡിറ്റര്‍, ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഭക്തപ്രിയയുടെ പത്രാധിപസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
സാംസ്‌കാരിക പത്രപ്രവര്‍ത്തനത്തിന്റെ വക്താവ് എന്ന നിലയില്‍ ചൊവ്വല്ലൂര്‍ അറിയപ്പെട്ടു. സംഗീതവും സാഹിത്യവും കൂട്ടിയിണക്കിയുള്ള പത്രപ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. ഫോട്ടോഗ്രാഫര്‍ കൊണ്ടുവരുന്ന ഫോട്ടോകള്‍ക്ക് മികച്ച ക്യാപ്ഷന്‍ എഴുതാനും അദ്ദേഹത്തിന് പ്രത്യേക നൈപുണ്യം ഉണ്ടായിരുന്നു. സംസ്ഥാനത്ത് ആദ്യമായി നക്സലൈറ്റ് ആക്രമണം ഉണ്ടായപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നിയോഗം ചൊവ്വല്ലൂരിനായിരുന്നു. ചിക്കമംഗളുരു ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി മത്സരിച്ചപ്പോള്‍ കേരളത്തില്‍ എ.കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ആ സന്ദര്‍ഭത്തില്‍ ഇന്ദിരയെ കണ്ടു അഭിമുഖം നടത്താനും ചൊവ്വല്ലൂരിന് സാധിച്ചു. എം.ജി.ആര്‍, കരുണാനിധി, ശിവാജി ഗണേശന്‍ എന്നിങ്ങനെ ഒട്ടേറെ പ്രമുഖരുമായി ഇന്റര്‍വ്യൂ നടത്താനുള്ള അവസരവും പത്രപ്രവര്‍ത്തകനായ ചൊവ്വല്ലൂരിന് കിട്ടി.
ആദ്യകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കോണ്‍ഗ്രസുമായിട്ടായി ആത്മബന്ധം. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ഗുരുവായൂരപ്പന്റെ പ്രസാദ് പലപ്പോഴും ചൊവ്വല്ലൂര്‍ വഴിയാണ് കരുണാകരന്റെ കോഴിക്കോട്ടെ വസതിയില്‍ എത്തിയിരുന്നത്. കരുണാകരന്റെ കൃഷ്ണഭക്തി അതേ അളവില്‍ ചൊവ്വല്ലൂരിനും ഉണ്ടായിരുന്നു. അതുകൊണ്ടാവണം ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ..’എന്ന പാട്ട് ചൊവ്വല്ലൂര്‍ എഴുതിയത്.
അക്കിത്തം, ഉറൂബ്, കടവനാട് കുട്ടികൃഷ്ണന്‍ എന്നിവരുമായി അടുത്ത സൗഹൃദമായിരുന്നു. കോഴിക്കോട് ആകാശവാണിയില്‍ ഉറൂബിന്റെ കീഴില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള കലാമണ്ഡലം വൈസ് ചെയര്‍മാന്‍, സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കവിത, നോവല്‍, ചെറുകഥ എന്നിവക്ക് പുറമെ വിവര്‍ത്തനവും നര്‍മലേഖനവും എഴുതി. കെ.ജി ജോര്‍ജ്ജിന്റെ പഞ്ചവടിപ്പാലം എന്ന ചിത്രത്തിനുവേണ്ടിയും പാട്ടെഴുതി. സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള കലാമണ്ഡലം മുകുന്ദരാജ സ്മൃതി പുരസ്‌കാരം, ജ്ഞാനപ്പാന പുരസ്‌കാരം, രേവതിപട്ടത്താന പുരസ്‌കാരം എന്നിവ ലഭിച്ചു. ഭക്തിയുടെ രഥം ജീവിതപ്പുഴയിലൂടെ ഓടിക്കാനായിുരന്നു ചൊവ്വല്ലൂരിന് ഇഷ്ടം. അതിനിടയില്‍ ഗാനങ്ങളും കവിതകളും ധാരാളം എഴുതി. 2500ലേറെ ഗാനങ്ങള്‍ രചിച്ചു. നാടകത്തിനും സിനിമക്കും അവ ഉപയോഗിച്ചു. ഭക്തിഗാനങ്ങളുടെ സിഡികളും കാസറ്റുകളും ഇറക്കി. ഇതെല്ലാമാകുമ്പോഴും തികഞ്ഞ ലാളിത്യത്തോടെ ചുറ്റുമുള്ളവരുമായി സ്നേഹത്തോടെ സംവദിച്ചു.



