കോഴിക്കോട്: മാവൂര്‍ ക്ഷീരോല്‍പാദന സഹകരണസംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം പാനല്‍ വിജയിച്ചു. സി.പി.എം വിമതര്‍ നിലവില്‍ സഹകരണസംഘം പ്രസിഡന്റായ വി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും വിജയം നേടാനായില്ല. സി.പി.എമ്മിലെ ഭിന്നത കാരണം തെരഞ്ഞെടുപ്പ് രംഗം കടുത്ത വാശിയിലായിരുന്നു. പൊലീസ് കാവലിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ പോള്‍ ചെയ്ത 99 വോട്ടില്‍ 40 വോട്ടാണ് ബാലകൃഷ്ണന്‍നായര്‍ക്ക് ലഭിച്ചത്. സി.പി.എമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് 59 വോട്ട് കിട്ടി.
വര്‍ഷങ്ങളായി സി.പി.എം ഭരിക്കുന്ന സഹകരണസംഘമാണിത്. വി. ബാലകൃഷ്ണന്‍നായരും കൂട്ടരും ക്ഷീരകര്‍ഷക കൂട്ടായ്മ എന്ന സംഘടന രൂപീകരിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അതിനിടെ കര്‍ഷക കൂട്ടായ്മയുടെ പട്ടികവിഭാഗം പ്രതിനിധിയായി മത്സരിച്ച കണയംകുന്നുമ്മല്‍ കൃഷ്ണനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. കൃഷ്ണന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
അതേസമയം, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി കര്‍ഷക കൂട്ടായ്മ ആരോപിച്ചു. വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത പലരും വോട്ട് ചെയ്തു. 19 പേര്‍ ഇങ്ങനെ വോട്ടു ചെയ്തു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും പ്രിസൈഡിങ് ഓഫീസര്‍ പരിഗണിച്ചില്ലെന്നും പറയുന്നു. തെരഞ്ഞെടുപ്പിലെ ക്രമക്കേടും പ്രിസൈഡിങ് ഓഫീസറുടെ ഏകപക്ഷീയമായ നടപടിയും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് കര്‍ഷക കൂട്ടായ്മയുടെ തീരുമാനം.



