ന്യൂഡല്‍ഹി: യു.ഡി. ക്ലര്‍ക്കിന്റെ സീനിയോറിറ്റിക്കെതിരേ ഹര്‍ജി നല്‍കിയ കേരള സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഒരു യു.ഡി. ക്ലര്‍ക്കിന് സീനിയോറിറ്റി കിട്ടിയതാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ‘നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും ചെയ്തുകൂടേ. റോഡോ സ്‌കൂളോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ നിര്‍മിച്ചുകൂടേ’യെന്ന് ചോദിച്ച കോടതി, ഹര്‍ജി തള്ളി.
കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസവകുപ്പില്‍ ജോലിചെയ്യുന്ന രണ്ടുപേരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് തള്ളിയത്. യു.ഡി. ക്ലര്‍ക്കായി സ്ഥാനക്കയറ്റം ലഭിക്കുമ്പോള്‍ ഇവര്‍ അലവന്‍സില്ലാത്ത അവധിയിലായിരുന്നെന്ന് സര്‍ക്കാര്‍ വാദിച്ചു. പിന്നീട് ഡ്യൂട്ടിക്കു കയറിയ ദിവസം സീനിയോറിറ്റി പുനര്‍നിശ്ചയിക്കുകയായിരുന്നു. അലവന്‍സില്ലാത്ത അവധിക്കാലം സര്‍വീസ് ആനുകൂല്യങ്ങള്‍ക്ക് കണക്കാക്കാനാവില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, അദ്ദേഹം ഡ്യൂട്ടിക്കു വരാതെ ‘ആബ്സെന്റ്’ ആവുകയല്ല, മറിച്ച് അവധിയെടുക്കുകയാണ് ചെയ്തതെന്ന് സുപ്രീം കോടതി പറഞ്ഞു. യു.ഡി. ക്ലര്‍ക്കിന് സീനിയോറിറ്റി ലഭിച്ച വിഷയത്തില്‍ ഇടപെടാനല്ല സുപ്രീം കോടതി ഇരിക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് തുറന്നടിച്ചു.



