കോഴിക്കോട്: ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സ്വകാര്യബസ് ജീവനക്കാര്‍ നടത്തുന്ന സമരം രണ്ടാംദിവസത്തിലേക്ക് കടന്നതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഇന്നലെ രാവിലെയാണ് ഈ റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക് തുടങ്ങിയത്. കഴിഞ്ഞദിവസം ദിയ എന്ന ബസ് ഡ്രൈവര്‍ സൂപ്പിക്കട സ്വദേശി സിദ്ദീഖിനെ(45) അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ബുധനാഴ്ചരാവിലെ 10.30ന് കുറ്റ്യാടിയിയല്‍ കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ മുളിയങ്ങലില്‍ വെച്ച് ദിയ ബസ് കെ.എസ്.ആര്‍.ടി.സി ബസിനെ തട്ടിയിരുന്നു. കെ.എസ്.ആര്‍.ടി.സിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് സിദ്ദീഖിനെതിരെ കേസെടുത്തത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ഇന്നലെ രാവിലെയാണ് സ്വകാര്യബസുകള്‍ പണിമുടക്കിയ കാര്യം യാത്രക്കാര്‍ അറിയുന്നത്. വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇതോടെ പ്രയാസത്തിലായി. ഏതാനും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിയതുകൊണ്ടുമാത്രമാണ് യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താനായത്.
കുറ്റ്യാടി റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ സമരം തുടര്‍ക്കഥയാവുകയാണ്. ഏതാനും മാസം മുമ്പ് ഇതുപോലെ സമരം നടന്നിരുന്നു. മുന്‍കൂട്ടി പ്രഖ്യാപിക്കാതെ സമരം നടത്തരുതെന്ന് ധാരണയുണ്ടാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ അത് ലംഘിക്കപ്പെടുകയാണ്.
അതേസമയം, പൊലീസ് നടപടിയില്‍ ബസ് തൊഴിലാളികള്‍ക്ക് പ്രതിഷേധമുണ്ട്. ബസുകള്‍ തമ്മില്‍ തട്ടിയതിന് പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരം കേസെടുത്തത് അംഗീകരിക്കാന്‍ ആവില്ലെന്നാണ് അവരുടെ നിലപാട്. ഇത്തരത്തില്‍ കേ,സെടുത്താല്‍ ആര്‍ക്കും വാഹനം ഓടിക്കാന്‍ കഴിയില്ല. അതുകൊണ്ട് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് എന്ന് അവര്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിയുകയോ, മറ്റ് കേടുപാടുകള്‍ വരുത്തുകയോ ചെയ്താല്‍ പൊതുമുതല്‍ നശിപ്പിക്കല്‍ നിയമം അനുസരിച്ച് കേസെടുക്കാന്‍ ഈയിടെ തീരുമാനമുണ്ടായിരുന്നു. അതനുസരിച്ചാണ് നീങ്ങിയത് എന്നാണ് പൊലീസിന്റെ വിശദീകരണം. ഏതായാലും കുറ്റ്യാടി റൂട്ടില്‍ മിന്നല്‍ പണിമുടക്ക് അവസാനമില്ലാതെ തുടരുന്നതില്‍ യാത്രക്കാര്‍ കടുത്ത പ്രയാസത്തിലാണ്. പലരും ഇരുചക്രവാഹനങ്ങളിലും മറ്റും കയറിപ്പറ്റിയാണ് ലക്ഷ്യത്തിലെത്തുന്നത്. ഉള്ള്യേരി, അത്തോളി ഭാഗങ്ങളില്‍ നിന്ന് സ്വകാര്യബസുകള്‍ തടസ്സം കൂടാതെ ഓടുന്നുണ്ട്. കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളില്‍ നിന്ന് ഉള്ള്യേരി വരെ എത്താനാണ് പ്രയാസം. ദീര്‍ഘദൂരബസുകള്‍ ഇല്ലാത്തതിനാല്‍ ഉള്ള്യേരി റൂട്ടിലെ ബസുകളിലും തിരക്ക് ഏറെയാണ്.



