കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ വിചാരണക്കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാപംപ്രതി ഷഫാസിനെയും ഹൈക്കോടതി വെറുതെവിട്ടു. നസീറിന് മൂന്ന് ജീവപര്യന്തവും ഷഫാസിന് ഇരട്ട ജീവപര്യന്തവുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരെ പ്രതികള്‍ അപ്പീല്‍ പോവുകയായിരുന്നു. എന്‍.ഐ.എയുടെ അപ്പീല്‍ തള്ളിയാണ് പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്. മൂന്നാം പ്രതി ഹാലിം, ഒമ്പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെവിട്ടതിനെതിരെ എന്‍.ഐ.എ സമര്‍പ്പിച്ച ഹരജിയും ഹൈക്കോടതി തള്ളി. കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നും ഗൂഢാലോചന സംബന്ധിച്ച കണ്ടെത്തല്‍ തെറ്റാണെന്നും പ്രതികള്‍ വാദിച്ചിരുന്നു. ഇത് കോടതി അംഗീകരിക്കുകയാണുണ്ടായത്. വിധിക്കെതിരെ എന്‍.ഐ.എ സുപ്രീംകോടതിയെ സമീപിച്ചിക്കും. ജസ്റ്റിസ് കെ. വിനോദ്ചന്ദ്രന്റെ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
2006 മാര്‍ച്ച് മൂന്നിനായിരുന്നു സ്‌ഫോടനം. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ മൊഫ്യൂസല്‍ സ്റ്റാന്റിലും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലും സ്‌ഫോടനം നടക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. മാറാട് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത് എന്നായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
കേസില്‍ ഒമ്പത് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടു പ്രതികളെ പിടികൂടാന്‍ എന്‍.ഐ.എക്ക് ആയില്ല.അഞ്ചാംപ്രതിയെ കോടതി നേരത്തെ വിട്ടയച്ചിരുന്നു. രണ്ടു പ്രതികളെ വിചാരണക്കുശേഷം വെറുതെവിട്ടു. ഒരാള്‍ കഷ്മീരില്‍ മരിച്ചു. ഏഴാംപ്രതിയെ മാപ്പുസാക്ഷിയാക്കി. 2009 വരെ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചിരുന്നത്. 2010ല്‍ എന്‍.ഐ.എ ഏറ്റെടുത്തു. 2011ലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. രാജ്യസുരക്ഷ മുന്‍നിര്‍ത്തി രഹസ്യ വിചാരണയാണ് നടന്നത്. എന്‍.ഐ.എ അന്വേഷിക്കുന്ന ആദ്യ തീവ്രവാദക്കേസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.



