കോഴിക്കോട്: പാസ് വേഡ് ദുരുപയോഗ വിവാദം കത്തി നില്‍ക്കുമ്പോള്‍ കോര്‍പറേഷന്‍ ഓഫീസിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിക്കാരെ ആവശ്യമുണ്ടെന്ന വ്യാജ പരസ്യം വന്നത് സംബന്ധിച്ച് അന്വേഷണത്തിന്റെ കഥയും ചര്‍ച്ചയാവുന്നു. എട്ടുമാസം മുമ്പാണ് ഓണ്‍ലൈനായി പരസ്യം പ്രത്യക്ഷപ്പെട്ടത്. കോര്‍പറേഷന്റെ എംബ്ലം ഉപയോഗിച്ചായിരുന്നു പരസ്യം. സെക്രട്ടറിയുടെ പേരിലാണ് പരസ്യം വന്നത്. ഇത് തട്ടിപ്പാണെന്ന് പിന്നീട് വ്യക്തമായി. സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ടൗണ്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. കുറ്റക്കാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓപീസുമായി നിരന്തരം ബന്ധപ്പെടുന്നവരാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ടായിരുന്നു. ഗൗരവമായ കേസാണെങ്കിലും അത്തരത്തില്‍ പൊലീസ് അന്വേഷണം പുരോഗമിച്ചില്ല. പാസ് വേഡ് ഉപയോഗിച്ച് അനധികൃതമായി കെട്ടിടനമ്പര്‍ നല്‍കിയ വിഷയം പുറത്തുവന്നതോടെ പരസ്യതട്ടിപ്പിന്റെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്.
ഇത്തരം ചെറുതും വലുതുമായ തട്ടിപ്പുകള്‍ പലതും ഉണ്ടാവാറുണ്ടെങ്കിലും ഒതുങ്ങിപ്പോവുകയാണ് പതിവ്. കൗണ്‍സില്‍ യോഗങ്ങളില്‍ ചിലപ്പോള്‍ ചൂടേറിയ ചര്‍ച്ചക്ക് ഇടയാകാറുണ്ടെങ്കിലും അതില്‍ കവിഞ്ഞ് ഒന്നും സംഭവിക്കാറില്ല. പല പ്രോജക്ടുകള്‍ക്കും കരാര്‍ നല്‍കുന്നതും മറ്റും വിവാദമാവാറുണ്ട്. എന്നാല്‍ ഭരണപക്ഷം ഭൂരിപക്ഷത്തിന്റെ ബലത്തില്‍ എല്ലാറ്റില്‍ നിന്നും രക്ഷപ്പെടുകയാണ് പതിവ്.
കെട്ടിടനമ്പര്‍ തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ഘടകകക്ഷിയായ എല്‍.ജെ.ഡി ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യകക്ഷിയായ സി.പി.എം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. വര്‍ഷങ്ങളായി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ സി.പി.എം ആണ് കൈവശം വെക്കുന്നത്. ഘടകകക്ഷികള്‍ക്ക് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ മാത്രമാണ് നല്‍കുന്നത്.അതുകൊണ്ടുതന്നെ സി.പി.എമ്മിന്റെ പ്രതികരണത്തിന് പ്രസക്തിയുള്ളതായി ചൂണ്ടികാണിക്കപ്പെടുന്നു.
അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ 2019 മുതല്‍ നല്‍കിയ കെട്ടിടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് കോര്‍പറേഷന്‍ ആലോചിക്കുന്നത്. എഞ്ചിനീയറിങ് വിഭാഗവും പൊതുമരാമത്ത് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തുക. എന്നാല്‍ ഇത്തരമൊരു അന്വേഷണം ഫലപ്രദമാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന പൊലീസ് സംഘം സെക്രട്ടറി കെ.യു ബിനിയുടെ മൊഴിയെടുത്തു. കെട്ടിടനമ്പര്‍ സെക്ഷനിലെ ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. സൈബര്‍ പൊലീസിലെ രണ്ട് അംഗങ്ങളും ഐ.ടി വിദഗ്ധരും അടങ്ങുന്ന അന്വേഷണസംഘത്തെ ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ ആണ് നയിക്കുന്നത്.
അതേസമയം, നാലു ജീവനക്കാരെ സസ്പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കോര്‍പറേഷന്‍ ജീവനക്കാര്‍ ഇന്ന് ഉച്ചവരെ അവധിയെടുത്ത് പ്രതിഷേധിച്ചു.



