കോഴിക്കോട്: ഉദ്യോഗസ്ഥരുടെ പാസ് വേഡ് ദുരുപയോഗം ചെയ്ത് നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ സെക്രട്ടറിക്കെതിരെ പരാതിയുമായി ജീവനക്കാര്‍. സസ്പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ തെറ്റുകാരല്ലെന്നും ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നത് നേരത്തെ ചൂണ്ടിക്കാട്ടിയിട്ടും സെക്രട്ടറി നടപടിയെടുക്കാത്തതാണ് പ്രശ്നമെന്നും ജീവനക്കാര്‍ പറയുന്നു. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഇന്നലെ ഉച്ചവരെ അവധിയെടുത്ത് പ്രതിഷേധിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരത്തില്‍ കൃത്യവിലോപം നടത്താന്‍ അനുവദിക്കുകയില്ലെന്നും അവധി അനുവദിക്കാതിരുന്നിട്ടും ജോലിക്ക് എത്താതിരുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സെക്രട്ടറി കെ.യു ബിനി മേയറോട് ആവശ്യപ്പെട്ടു. അതേസമയം, ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി വേണ്ടെന്ന നിലപാടിലാണ് മേയര്‍.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് ജീവനക്കാരുടെ സംയുക്തസമിതി ആവശ്യപ്പെടുന്നത്. അതുവരെ ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാവാത്ത വിധത്തില്‍ സമരം തുടരാനാണ് തീരുമാനം. അതേസമയം, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സി.പി.എം ജില്ലാ നേതൃത്വം ഇന്നലെ യോഗം ചേര്‍ന്നു. തട്ടിപ്പിന് ഉത്തരവാദികളായ ആരെയും സംരക്ഷിക്കേണ്ടെന്നാണ് തീരുമാനം. സംഭവം കോര്‍പറേഷന്‍ ഭരണകൂടത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
മുന്‍മേയര്‍ ടി.പി ദാസന്‍, മുന്‍ എം.എല്‍.എ എ. പ്രദീപ്കുമാര്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്. കോര്‍പറേഷന്‍ ഭരണകാര്യങ്ങളില്‍ കുറേക്കൂടി ജാഗ്രത വേണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.



