കോഴിക്കോട്: കോണ്‍ഗ്രസ് നേതൃസ്ഥാനങ്ങളില്‍ ന്യൂനപക്ഷത്തിന് അര്‍ഹിച്ച പദവി നല്‍കിയില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി കെ മുരളീധരന്‍ എംപി. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍. പരാമര്‍ശത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് കോടിയേരിയുടെ പ്രസ്താവനയുടെ ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു.
നരേന്ദ്ര മോദിക്കു വേണ്ടി അമിത് ഷാ എങ്ങനെയാണോ സംസാരിക്കുന്നത് അതുപോലെയാണ് കേരളത്തില്‍ പിണറായി വിജയന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കി കോടിയേരി സംസാരിക്കുന്നത്. ഇത് മുഹമ്മദ് റിയാസിനു വേണ്ടിയാണ്. മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാലും ആ ചരട് കയ്യിലിരിക്കണം. റിയാസിനെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്, ന്യൂനപക്ഷ സമുദായാംഗത്തെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കോടിയേരി ഇത്തരം പരാമര്‍ശം നടത്തുന്നത്. ഇത് കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ട. കോണ്‍ഗ്രസ് ഒരു മതേതരപാര്‍ട്ടി അല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ തമിഴ്‌നാട്ടില്‍ അടക്കം മറ്റൊരു സംസ്ഥാനത്തും സഖ്യമുണ്ടാകില്ലെന്ന് പറയാനുള്ള ആര്‍ജവം കോടിയേരി കാണിക്കണം.
തങ്ങള്‍ ഒരിക്കലും റിയാസിനെ വ്യക്തിപരമായി വിമര്‍ശിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് കെ. മുരളീധരന്‍ നടത്തിയ പ്രസ്താവനക്കെതിരെ കോടിയേരി പ്രതികരിച്ചിരുന്നു. മുരളീധരന്റേത് തരംതാണ വര്‍ത്തമാനമാണെന്നായിരുന്ന്ു കോടിയേരിയുടെ പ്രതികരണം.



