സൂപ്പി വാണിമേൽ
കാസർകോട്: കോൺഗ്രസ് നേതൃത്വത്തിലെ ന്യൂനപക്ഷ പ്രാതിനിധ്യം നിരീക്ഷിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരെ ചോദ്യചിഹ്നമായി പാർട്ടി കാസർകോട് ജില്ല സെക്രട്ടേറിയറ്റ്.സെക്രട്ടറിയറ്റിൽ നിലവിലുണ്ടായിരുന്ന ഡോ.വി.പി.പി മുസ്തഫയെ ഒഴിവാക്കി.ഇതോടെ സെക്രട്ടറിയറ്റിൽ മുസ്‌ലിം പ്രാതിനിധ്യം ശൂന്യമായി.
മുൻ എം.എൽ.എ പി.രാഘവൻ,വി.പി.പി മുസ്തഫ എന്നിവരെയാണ് ജില്ല സെക്രട്ടറിയറ്റിൽ നിന്ന് ഒഴിവാക്കിയത്.അനാരോഗ്യം കാരണം വിശ്രമിക്കുന്ന രാഘവൻ പൊതുരംഗത്ത് ഇല്ല.അതേസമയം തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്ററുടെ പ്രൈവറ്റ് സെക്രട്ടറിയായ മുസ്തഫ പാർട്ടി സമ്മേളനങ്ങളിൽ സജീവമായിരുന്നു.
എം.വി.ബാലകൃഷ്ണൻ മാസ്റ്റർ,എം.രാജഗോപാലൻ എം.എൽ.എ,പി.ജനാർദ്ദനൻ,സാബു അബ്രഹാം,വി.കെ.രാജൻ,കെ.വി.കുഞ്ഞിരാമൻ,കെ.ആർ.ജയാനന്ദ,പുതുമുഖങ്ങളായി സി.പ്രഭാകരൻ,എം.സുമതി,വി.വി.രമേശൻ എന്നിവരാണ് ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങൾ.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവി ജില്ല സെക്രട്ടേറിയറ്റ് അംഗമായി തുടരുന്നതിന് തടസ്സമല്ലെന്ന് പാർട്ടി കേന്ദ്രങ്ങൾ പറഞ്ഞു.പെരിയ ഇരട്ടക്കൊലയുടെ മുന്നോടിയായി മുസ്തഫ ചെയ്ത പ്രകോപന പ്രസംഗം വിവാദമായിരുന്നു.എന്നാൽ കൊലക്കേസിൽ സി.ബി.ഐ പ്രതിയാക്കിയ മുൻ എം.എൽ.എ കെ.വി.കുഞ്ഞിരാമൻ ജില്ല സെക്രട്ടറിയറ്റിലുണ്ട്.
അടുത്ത നിയമസഭ/ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്തഫ സ്ഥാനാർത്ഥിയാവുന്നത് തടയുന്നതിന്റെ ഭാഗമാണ് സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയ നടപടിയെന്നാണ് സൂചന.ലോക്സഭ തെരഞ്ഞെടുപ്പിൽ പി.കരുണാകരൻ മൂന്ന് തവണ ജയിച്ചതിന് പിന്നാലെ കഴിഞ്ഞ തവണ വി.പി.പി മുസ്തഫ മത്സരിക്കാൻ ധാരണയായിരുന്നു.എന്നാൽ കെ.പി.സതീഷ് ചന്ദ്രനാണ് പാർട്ടി സീറ്റ് നൽകിയത്.പാർട്ടി കുത്തക മണ്ഡലത്തിൽ അദ്ദേഹം യു.ഡി.എഫിലെ രാജ്മോഹൻ ഉണ്ണിത്താനോട് പരാജയപ്പെടുകയും ചെയ്തു.
നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ തട്ടകമായ തൃക്കരിപ്പൂർ മണ്ഡലത്തിൽ മുസ്തഫയെ സ്ഥാനാർത്ഥിയാക്കാതെ എം.രാജഗോപാലന് മൂന്നാമതും അവസരം നൽകുകയാണ് പാർട്ടി ചെയ്തത്.അടുത്ത ലോക്സഭ/നിയമസഭ സ്ഥാനാർത്ഥികളെ കേന്ദ്ര/സംസ്ഥാന/ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്ന് കണ്ടെത്തുമ്പോൾ മുസ്തഫയെ പരിഗണിക്കേണ്ട അവസ്ഥയുണ്ടാവില്ല.



